കാലടി : മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്സൺ കുടുംബശ്രീ പ്രവർത്തകരുടെ ലോണിൽ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ മെമ്പർമാർ പ്രതിഷേധിച്ചു. സി.ഡി.എസ് പ്രവർത്തകയും യു.ഡി.എഫ് പ്രവർത്തകയുമായ സജിനി സന്തോഷ് എട്ട്ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് പരാതി. കുടുംബശ്രീ ലോൺ എടുത്തവരെ കബളിപ്പിച്ച് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തത് പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്യണമെന്നും ചെയർപേഴ്സണെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ അംഗങ്ങൾ കമ്മിറ്റിയിൽ നിന്ന് വാക്കൗട്ട് നടത്തുകയും പഞ്ചായത്താഫീസിനു മുന്നിൽ ധർണ നടത്തുകയും ചെയ്തു. പി.ജെ. ബിജു ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ആനി ജോസ്, വിജി രജി, ഷിബു പറമ്പത്ത്, സതി ഷാജി, ബിൻസി ജോയി എന്നിവർ പങ്കെടുത്തു. അതേസമയം, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ,കൂടാതെ കുടുംബശ്രീ അംഗങ്ങൾ ലോൺ അടക്കാതെ വന്ന തുകയുടെ കുടിശ്ശികയാണെന്നും,പണം തിരിമറി നടന്നിട്ടില്ലെന്നും ചെയർപേഴ്സൺ സജിനി സന്തോഷ് പറഞ്ഞു.