tm

കൊച്ചി: പിറവം മണ്ഡലമെന്നാൽ ടി.എം. ജേക്കബ് എന്നായി​രുന്നു പതി​റ്റാണ്ടുകളോളം. 1977ൽ പിറവം നിയോജകമണ്ഡലം രൂപീകൃതമായ ശേഷം മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.എം. ജേക്കബ് നാല് തവണ വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്തു. 1987ൽ ഗോപി കോട്ടമുറിക്കലും 2006ൽ എം.ജെ. ജേക്കബും ഇവിടെനിന്നും വിജയിച്ചു. 2011 ലെ തിരഞ്ഞെടുപ്പിൽ 157 വോട്ടിന് ടി.എം. ജേക്കബ് എം.ജെ. ജേക്കബിനെ പരാജയപ്പെടുത്തി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരി​ക്കെയായി​രുന്നു ജേക്കബിന്റെ മരണം. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും 2016 ലെ തിരഞ്ഞെടുപ്പിലും മകൻ അനൂപ് ജേക്കബിനായിരുന്നു വിജയം.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ

കെ.എസ്.സിയിലൂടെ സജീവരാഷ്ട്രീയത്തിൽ പ്രവേശിച്ച കേരളത്തിലെ മികച്ച നിയമസഭാ സാമാജികനും മന്ത്രിയുമായിരുന്നു ടി.എം. ജേക്കബ്. 1977 മാർച്ചിൽ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്ന ടി.എം. ജേക്കബ് നാലുപ്രാവശ്യം മന്ത്രിയായി.

# മികച്ച സാമാജികൻ

ജേക്കബിന്റെ ബില്ലുകളിൻമേലുള്ള വിശകലനങ്ങൾ നിയമസഭാ പ്രവർത്തനചരിത്രത്തിലെ രജതരേഖകളാണ്. കാര്യങ്ങൾ നന്നായി പഠിച്ച് അവതരിപ്പിക്കുന്നത് ടി.എം. ജേക്കബിന്റെ പ്രത്യേകതയായിരുന്നു.

# ഭരണനേട്ടങ്ങൾ

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മഹാത്മാഗാന്ധി സർവകലാശാലയും യൂത്ത് വെൽഫെയർ വകുപ്പും ഫോക്‌ലോർ അക്കാഡമിയും നടനഗ്രാമവും തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക മ്യൂസിയവും പ്ലാനറ്റോറിയവും സ്ഥാപിച്ചു. സ്‌കൂൾ യുവജനോത്സവം മഹാമേളയാക്കി. സ്‌കൂളുകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൊണ്ടുവന്ന ജേക്കബ് പ്രീഡിഗ്രി കോഴ്‌സ് കോളേജുകളിൽനിന്ന് വേർപെടുത്താൻ തുടക്കമിട്ടു. പ്രീഡിഗ്രി ബോർഡിനെ നഖശിഖാന്തം എതിർത്ത അന്നത്തെ പ്രതിപക്ഷ കക്ഷികൾ അധികാരത്തിൽ വന്നപ്പോൾ പിന്നീട് പ്ലസ് ടു എന്ന പേരിൽ അതു നടപ്പാക്കി. .ജലസേചന ജലവിതരണ വകുപ്പിനെ ജേക്കബ് ശ്രദ്ധേയമാക്കി. കേരളത്തിൽ ആദ്യമായി ജലനയം കൊണ്ടുവന്നു. ജലധാര പദ്ധതിയും മലയോര ജലസംഭരണ പദ്ധതിയും ആവിഷ്‌കരിച്ചത് ടി.എം. ജേക്കബാണ്.