കൊച്ചി: ചേരാനെല്ലൂരിലെ കുടിവെള്ളപ്രശ്‌നം താത്കാലികമായി പരിഹരിക്കാൻ എവിടെയൊക്കെ ജലവിതരണം നടത്തണമെന്ന് പഞ്ചായത്ത് നിർദേശിക്കണമെന്നും ഇതനുസരിച്ച് വാട്ടർ അതോറിട്ടി കുടിവെള്ളമെത്തിക്കാൻ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചേരാനെല്ലൂരിലെ ജലക്ഷാമം ചൂണ്ടിക്കാട്ടി ഡിക്‌സൺ ചാക്യാത്ത് ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല നിർദേശം. ഹർജികൾ മാർച്ച് രണ്ടിന് വീണ്ടും പരിഗണിക്കും.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറിയും ജല അതോറിട്ടി ചീഫ് എൻജിനീയറും സംയുക്തമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെയാണ് പരിശോധന പൂർത്തിയാക്കിയതെന്നും റിപ്പോർട്ട് നൽകാൻ സമയം വേണമെന്നും വാട്ടർ അതോറിട്ടിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി ഇതനുവദിച്ചു. എന്നാൽ പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചതു നടപ്പാക്കിയില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എവിടെയൊക്കെയാണ് വെള്ളം വിതരണം ചെയ്യേണ്ടതെന്ന് പഞ്ചായത്ത് നിർദേശം നൽകാത്തതിനാലാണ് ഇതു നടപ്പാക്കാതിരുന്നതെന്നും ഒാരോ വീടുകളിലും ടാങ്കറിൽ വെള്ളമെത്തിക്കുന്നത് പ്രായോഗികമല്ലെന്നും വാട്ടർ അതോറിട്ടിയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ഏതൊക്കെ സ്ഥലങ്ങളിൽ ജലവിതരണം നടത്തണമെന്ന് നിർദേശിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്.

ചേരാനെല്ലൂർ പഞ്ചായത്തും കുടിവെള്ളപ്രശ്‌നം ചൂണ്ടിക്കാട്ടി ഹർജി നൽകിയിരുന്നു.