kpl

 കൊച്ചിയും തൃശൂരും വേദി

കൊച്ചി: കേരള പ്രീമിയ‌‌ർ ലീഗ് ഫുട്ബോൾ ആരവത്തിന് ഒരാഴ്ചത്തെ കാത്തിരിപ്പ്. ഏഴാംപതിപ്പിന്റെ കിക്കോഫ് മാർച്ച് ആറിന്. കൊച്ചി, തൃശൂർ വേദികളിലായി 12 ടീമുകൾ ഏറ്റുമുട്ടും. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലും തൃശൂരിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുന്നത്. വാരാന്ത്യങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌. മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്.സിയും കോവളം എഫ്.സിയും ഏറ്റുമുട്ടും. വൈകിട്ട് നാലിനാണ് മത്സരം. അതേദിവസം തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലൂക്കാ എഫ്.സിയും കേരള എഫ്.സും മാറ്റുരയ്ക്കും. വൈകിട്ട് ഏഴിനാണ് രണ്ടാം മത്സരം. ഫേസ്ബുക്കിലും പോഡ്കാസ്റ്റിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

എ,ബി എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. എ ഗ്രൂപ്പ് മത്സരങ്ങൾ തൃശൂരും ബി ഗ്രൂപ്പ് മത്സരങ്ങൾ മഹാരാജാസ് സ്റ്റേഡിയത്തിലുമാണ് നടക്കുക. മൂന്നു ലക്ഷം രൂപയാണ് ജേതാക്കൾക്ക് ലഭിക്കുക. രാംകോ സിമന്റ്‌സാണ് സ്‌പോൺസർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമസ്ഥതയിലുള്ള കേരള യുണൈറ്റഡ് എഫ്‌.സിയാണ് ലീഗിലെ ആകർഷണകേന്ദ്രം. മലപ്പുറം കേന്ദ്രീകരിച്ചുള്ള ടീമിന്റെ ക്യാപ്ടൻ അർജുൻ ജയരാജാണ്.

വാർത്താസമ്മേളനത്തിൽ എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് കെ.എം.ഐ മേത്തർ, കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, രാംകോ സിമന്റ്‌സ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ്) ബാലാജി കെ. മൂർത്തി എന്നിവർ പങ്കെടുത്തു.

ഗ്രൂപ്പ് എ

ഗോകുലം കേരള എഫ്‌.സി

കേരള പൊലീസ്

ലൂക്കാ എഫ്.സി

എഫ്‌.സി കേരള

സാറ്റ് തിരൂർ

ബാസ്‌കോ എഫ്‌.സി

ഗ്രൂപ്പ് ബി

എം.എ ഫുട്‌ബോൾ അക്കാഡമി

ഗോൾഡൻ ത്രെഡ്‌സ് എഫ്‌.സി

കേരള ബ്ലാസ്റ്റേഴ്‌സ്

കെ.എസ്.ഇ.ബി

കേരള യുണൈറ്റഡ് എഫ്‌.സി

കോവളം എഫ്‌.സി

''പതിനെട്ടോളം ടീമുകൾ ഇത്തവണ ലീഗിൽ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു. കൊവിഡ് മൂലം ടീമുകളുടെ എണ്ണം നിജപ്പെടുത്തുകയായിരുന്നു''
പി. അനിൽകുമാർ, സെക്രട്ടറി, കെ.എഫ്.എ