
കൊച്ചി: തട്ടേക്കാട് ബോട്ടുദുരന്ത കേസിൽ ബോട്ടുടമയും ഡ്രൈവറുമായ കോതമംഗലം കുട്ടമ്പുഴ സ്വദേശി പി.എം. രാജുവിന് വിചാരണക്കോടതി വിധിച്ച അഞ്ചുവർഷത്തെ തടവുശിക്ഷ ഹൈക്കോടതി രണ്ടുവർഷമാക്കി കുറച്ചു. എറണാകുളം അഡിഷണൽ ജില്ലാ കോടതിയുടെ 2008ലെ വിധിക്കെതിരെ രാജു നൽകിയ അപ്പീലിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
2007 ഫെബ്രുവരി രണ്ടിനാണ് തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിക്കാനായി പോയ അങ്കമാലി എളവൂർ സെന്റ് ആന്റണീസ് യു.പി സ്കൂളിലെ 15 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമടക്കം 18പേർ മരിച്ചത്. കോതമംഗലം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ മനപ്പൂർവമല്ലാത്ത നരഹത്യ, അപക്വമായും അശ്രദ്ധയോടെയും ബോട്ട് ഒാടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് വിചാരണക്കോടതി അഞ്ചുവർഷം തടവും 1.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്.
കാഴ്ചകാണാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ബോട്ടിന്റെ ഒരുവശത്തേക്കു നീങ്ങിയതാണ് അപകടത്തിനു കാരണമെന്നായിരുന്നു പ്രതിയുടെ വാദം. അതു പരിഗണിച്ച ഹൈക്കോടതി മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം റദ്ദാക്കി, അശ്രദ്ധവും അലക്ഷ്യവുമായി ബോട്ട് ഒാടിച്ച കുറ്റത്തിനുള്ള പരമാവധി ശിക്ഷയായ രണ്ടുവർഷം തടവ് വിധിക്കുകയായിരുന്നു. പ്രതിക്ക് ചുമത്തിയ 1.5 ലക്ഷം രൂപ ഇരകൾക്കുള്ള നഷ്ടപരിഹാരത്തിനു തികയില്ലെന്ന വാദം കണക്കിലെടുത്ത സിംഗിൾബെഞ്ച് ഇതിനായി സംസ്ഥാന ലീഗൽ സർവീസ് അതോറിട്ടിയെ സമീപിക്കാമെന്നും വ്യക്തമാക്കി.