
കൊച്ചി: ''നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ നിലവിലില്ല"- അടിയന്തരഘട്ടങ്ങളിൽ 101 നമ്പറിലേക്ക് ഫയർഫോഴ്സിനെ വിളിക്കുമ്പോൾ കിട്ടുന്ന മറുപടിയാണിത്. ഫയർഫോഴ്സിനെ നേരിട്ടുവിളിക്കാനുള്ള ബി.എസ്.എൻ.എൽ സർവീസ് നമ്പർ എന്നാണ് '101' നെ കുറിച്ച് പണ്ടുകാലം മുതലുള്ള സങ്കല്പം. എന്നാൽ ലാൻഡ് ഫോണുകൾ പഴങ്കഥയായതോടെ സർവവ്യാപിയായ മൊബൈലിൽ നിന്ന് ഈ നമ്പർ വിളിച്ചാൽ പലപ്പോഴും കിട്ടാറില്ല. ഇനിയഥവാ കിട്ടുകയാണെങ്കിൽത്തന്നെ അത് ഉപഭോക്താവ് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് ആയിരിക്കുകയുമില്ല.
പറവൂരിൽ തീപിടുത്തമുണ്ടായാൽ, വിളി ചെല്ലുന്നത് ആലുവയിലോ അങ്കമാലിയിലോ ആണെങ്കിലുള്ള കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ. പറവൂരിൽ നിന്നുള്ള വിളി ആലുവയിലൊ അങ്കമാലിയിലൊ പെരുമ്പാവൂരൊ കിട്ടിയാൽ അവിടുത്തെ ഉദ്യോഗസ്ഥർ സന്ദേശം എഴുതിവച്ചശേഷം യഥാർത്ഥ സ്റ്റേഷനിൽ വിളിച്ചറിയിക്കുമ്പോഴേക്കും ഏറ്റവും കുറഞ്ഞത് അഞ്ച് മിനിറ്റ് സമയം പാഴാകും. വെള്ളത്തിൽ മുങ്ങിയ ആളിന്റെ കാര്യത്തിലാണെങ്കിൽ കഥ കഴിഞ്ഞിരിക്കും. ഇതുമൂലം അഗ്നിരക്ഷാസേനയുടെ ആത്മാർത്ഥതയും കാര്യക്ഷമതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ജീവന്റെ സമയം
സാധാരണഗതിയിൽ ഫയർഫോഴ്സിലേക്ക് ഒരു വിളി എത്തിയാൽ ദുരന്തത്തിന്റെ സ്വഭാവം അനുസരിച്ച് 10 സെക്കന്റ് മുതൽ 3 മിനിറ്റുവരെയാണ് സേന പുറപ്പെടാൻ എടുക്കുന്ന സമയം. ഈ 3 മിനിറ്റിനകം ദുരന്തം അറിയിച്ച ആളിന്റെ ഫോൺനമ്പറിലേക്ക് തിരിച്ചുവിളിച്ച് സംഗതി സത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.
അതേസമയം സംഭവം യഥാർത്ഥത്തിൽ ഉള്ളതാണൊയെന്ന് ഉറപ്പുവരുത്താൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെ അത്തരം കോളുകളിൽ പലതും വ്യാജമായിരുന്നുവെന്ന ചരിത്രവുംഅഗ്നിരക്ഷാസേനയുടെ ഡയറിക്കുറിപ്പുകളിലുണ്ട്.