കൊച്ചി: ആലുവ മൂന്നാർ റോഡിൽ വട്ടോളിപ്പടി മുതൽ കുറുപ്പംപടി വരെയുള്ള ഭാഗത്ത് വർദ്ധിച്ച് വരുന്ന റോഡപകടങ്ങളെക്കുറിച്ച് എറണാകുളം ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ റെജി പിവർഗീസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം പഠനം നടത്തി. 2 ബാറുകൾ സ്ഥിതി ചെയ്യുന്ന തീയേ​റ്റർ ജംഗ്ഷനിൽ കാൽനടക്കാർ വാഹനാപകടങ്ങളിൽ പെട്ട് മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ഇതിന് പരിഹാരമായി തീയേ​റ്റർ ജംഗ്ഷനിൽ പെഡസ്ടിയൻ ക്രോസിംഗും, മഞ്ഞബ്ലിങ്കർ ലൈ​റ്റ് സ്ഥാപിക്കാനും പഠന റിപ്പോർട്ടിൽ പറയുന്നു. കുറുപ്പംപടിയിൽ മരിയ ആശുപത്രിക്ക് സമീപം പെഡസ്ട്രിയൻ ക്രോസിംഗ് നൽകണം. തുടർന്ന് വരുന്ന നാൽക്കവലയിൽ ചുവന്ന ബ്ലിങ്കർ ലൈ​റ്റ് സ്ഥാപിക്കാനും, എം.ജി.എം സ്‌കൂളിന്റെ മുമ്പിലും പെഡസ്കുറുംനട്രിയൻ ക്രോസിംഗ് നൽകണമെന്നും സമിതി ശുപാർശ ചെയ്തു.വിദഗ്ദ സമിതിയിൽ പെരുമ്പാവൂർ ജോ. ആർ.ടി.ഒ കെ.കെ.സുരേഷ് കുമാർ, സേഫ് കേരള എം.വി.ഐ പി.വി. വിജേഷ് എന്നിവർ അംഗങ്ങൾ ആയിരുന്നു. പഠനം നടത്താൻ രായമംഗലം മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുഞ്ഞ്, മെമ്പർ കുര്യൻ പോൾ ,സ്​റ്റാർ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ റോയ്, ജോൺസൺ എന്നിവരും സന്നിഹിതരായിരുന്നു. റോഡ് സേഫ്റ്റി അതോറിട്ടിക്കും പൊതുമരാമത്ത് വകുപ്പിനും റിപ്പോർട്ട് കൈമാറി.