
കൊച്ചി: പിടിച്ചു നിൽക്കാൻ മറ്റ് മാർഗമില്ല. ഇന്ധന വിലക്കയറ്റിൽ പോക്കറ്റ് കീറിയ കാറുടമകളും സി.എൻ.ജിയിലേക്ക്. ഒരു ദിവസം കൊണ്ട് കാർ സി.എൻ.ജിയിലേക്ക് മാറ്റാനാവുമെങ്കിലും ജില്ലയിലെ ആറ് സി.എൻ.ജി ഗ്യാരേജുകളിലും ബുക്കിംഗ് വരെ എത്തി കാര്യങ്ങൾ. 30,000 രൂപ മുതൽ 60,000 രൂപ വരെയാണ് ചെലവ്. ഇന്ധന വിലയിലെ മെച്ചം മാത്രമല്ല മൈലേജും പെട്രോളിന്റെ ഇരട്ടി ലഭിക്കുമെന്നതും ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു. ഇന്ധനവില കത്തിക്കേറിയതോടെ ഗ്യാരേജുകളിലെ ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമില്ലാതായി.
കിട്ടും ഇരട്ടി മൈലേജ്
ഒരുലിറ്റർ പെട്രോൾ ഉപയോഗിച്ച് 12 കിലോമീറ്റർ ഓടുന്ന കാർ സി.എൻ.ജിയിൽ 18 മുതൽ 20 കിലോ മീറ്റർ വരെ ലഭിക്കും. ആളുകളുടെ മനം മാറ്റത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. പ്രകൃതി സൗഹൃദവാതകമായ സി.എൻ.ജി അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നില്ലായെന്നതും മറ്റൊരു പ്രത്യേകത. അതേസമയം 2005 മുതലുള്ള വാഹനങ്ങളൾ മാത്രമേ സി.എൻ.ജിയാക്കാൻ അനുവാദമുള്ളു. വാഹനങ്ങളുടെ എൻജിനുകൾക്ക് അനുസരിച്ചാണ് സി.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള നിരക്ക് ഈടാക്കുന്നത്.
ഓട്ടോയും ടാക്സിയും മുന്നിൽ
എറണാകുളം ജില്ലയിലെ ടാക്സി കാറുകളിൽ ഭൂരിഭാഗവും സി.എൻ.ജിയിലേക്ക് മാറിക്കഴിഞ്ഞു. ഓട്ടോ റിക്ഷകളും ഒപ്പമുണ്ട്. കുറഞ്ഞ നിരക്കും അധിക മൈലേജും തന്നെയാണ് ഡ്രൈവർമാരെ ഇതിലേക്ക് ആകർഷിച്ചത്. സ്വകാര്യബസുകളും സി.എൻ.ജിയുടെ പാതയിലാണ്. കൊച്ചിയിൽ ഒരു സി.എൻ.ജി ഗ്യാരേജ് സ്വകാര്യ ബസുകൾക്ക് മാത്രമായാണ് പ്രവർത്തിക്കുന്നത്. നാല് ലക്ഷം രൂപയാണ് ഒരു ബസ് സി.എൻ.ജിയിലേക്ക് മാറ്റാനുള്ള ചെലവ്. അതേസമയം ട്രക്കുകൾക്ക് സി.എൻ.ജിയിലേക്ക് മാറ്റാൻ അനുമതിയായിട്ടില്ല. അനുമതി ലഭിച്ചാൽ ട്രക്കുകളും കൂട്ടത്തോടെ സി.എൻ.ജിയാക്കാനാണ് ട്രക്ക് ഉടകളുടെ ആലോചന.
വേണം പമ്പുകൾ
എറണാകുളം ജില്ലയിൽ എട്ട് സി.എൻ.ജി പമ്പുകളാണുള്ളത്. നാല് എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ആലുവ ,കളമശേരി, മുട്ടം, ഇരമ്പനം, വൈറ്റില, കണ്ടന്നൂർ, പേട്ട, കരിങ്ങാച്ചിറ എന്നിവടങ്ങളിലാണ് പമ്പുകൾ പ്രവത്തിക്കുന്നത്. സി.എൻ.ജി വാഹനങ്ങൾ ഏറിയെങ്കിലും പമ്പുകളുടെ കുറവ് ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സി.എൻ.ജി നിറയ്ക്കാനായി മാത്രം പമ്പിലേക്ക് അധിക ദൂരം ഓടിയെത്തണം. സി.എൻ.ജിയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് ഗ്രാമങ്ങളിലും ഒട്ടേറെപ്പേർ ഇതിലേക്ക് മാറുന്നുമുണ്ട്.
ഒരു കാർ സി.എൻ.ജിയിലേക്ക് മാറ്റാൻ ഒരു ദിവസം മതി. നിരവധിപ്പേരാണ് വാഹനങ്ങളുമായി സമീപിക്കുന്നത്. എല്ലാ ഗ്യാരേജുകളിലും തിരക്കുണ്ട്.
ആഷ്ലിൻ
വി6 ഓട്ടോടെക്ക്
കൊച്ചി