പറവൂർ: പഞ്ചായത്തിൽ വിവിധ മേഖലകളിലായി 5,000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. ഹരിത കേരള മിഷന്റെ സഹായത്തോടെ പഞ്ചായത്തിനെ അഴകിന്റെ കരയാക്കി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകും. ലൈഫ് പദ്ധതിക്കും കാർഷിക മേഖലയ്ക്കുമായി തുക വകയിരുത്തി. വനിതാ ഘടകപദ്ധതികൾക്കും, പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കുമായി നിരവധി തൊഴിലധിഷ്ഠിത പദ്ധതികൾ ആവിഷ്കരിക്കും. 28.45കോടി വരവും 28.08കോടി ചെലവും 37.54ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി.പി. അരൂഷ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.