kerala

കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമ്പറമുഴങ്ങിയ വേളയിൽ ഐക്യകേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് നാളെ 64 വയസ് പൂർത്തിയാകും.

1957 ഫെബ്രുവരി 28 നായിരുന്നു ഭാഷാഅടിസ്ഥാനത്തിൽ തിരുവിതാംകൂറും കൊച്ചിയും മലബാറും സംയോജിപ്പിച്ച് ഐക്യകേരളം രൂപീകൃതമായതിന് ശേഷമുള്ള ആദ്യബാലറ്റ് യുദ്ധം അരങ്ങേറിയത്. കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (സി.പി.ഐ), ഇന്ത്യൻ നാഷണൽ കോൺഗ്രസ് ( ഐ.എൻ.സി), പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ( പി.എസ്.പി), റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ( ആർ.എസ്.പി) എന്നിവയ്ക്കുപുറമെ സ്വതന്ത്രർ ഉൾപ്പെടെ 406 സ്ഥാനാർത്ഥികളാണ് കന്നിയങ്കം കുറിച്ചത്. ഒരാൾ മാത്രമുണ്ടായിരുന്ന മ‌ഞ്ചേശ്വരവും 11 പേർ മത്സരിച്ച ദേവികുളവും ആദ്യ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങളായി. കെ.ആർ. ഗൗരിഅമ്മ ഉൾപ്പെടെ കന്നിയങ്കത്തിനിറങ്ങിയ 9ൽ 6 വനിതകളും വിജയിച്ചുകയറി. ആകെയുണ്ടായിരുന്ന 7524626 വോട്ടർമാരിൽ 5837577 പേർ ( 65.49 ശതമാനം) വോട്ടവകാശം വിനിയോഗിച്ചു. സി.പി.ഐ- 60, ഐ.എൻ.സി. -43, പി.എസ്.പി - 9 , സ്വതന്ത്രർ 14 എന്നിങ്ങനെയായിരുന്നു ജനവിധിക്ക് ശേഷമുള്ള കക്ഷിനില.

മത്സരിക്കാൻ മറ്റാരും ഇല്ലാതിരുന്നതുകൊണ്ട് മഞ്ചേശ്വരത്ത് സ്വതന്ത്രൻ എം. ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മത്സരം ഒഴിവായതോടെ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ 61804 വോട്ടർമാർക്ക് ഐക്യകേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സുവർണാവസരവും നഷ്ടമായി.

ഏപ്രിൽ 1 ന് ആദ്യ കേരള നിയമസഭ

1957 ഏപ്രിൽ 1ന് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റതോടെ ആദ്യകേരള നിയമസഭ നിലവിൽവന്നു. ഏപ്രിൽ 5ന് ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരായി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു.

കന്നിയങ്കത്തിലെ അംഗനമാർ

കെ.ഒ.ഐഷാബായി, സരോജിനി (കായംകുളം), കെ സരസ്വതിയമ്മ ( ചെങ്ങന്നൂർ), എ. നബീസാബീവി ( ആലപ്പുഴ), കെ.ആർ. ഗൗരിഅമ്മ ( ചേർത്തല) , റോസമ്മ പുന്നൂസ് ( ദേവികുളം), കുസുമം ജോസഫ് ( കാരിക്കോട്), ശാരദാ കൃഷ്ണൻ (കോഴിക്കോട്), ലീലാ ദാമോദരമേനോൻ (കുന്നംകുളം) എന്നിവരാണ് ഐക്യകേരളത്തിലെ ആദ്യത്തെ വനിതാ സ്ഥാനാർത്ഥികൾ. ഇതിൽ സരോജിനി, കെ. സരസ്വതിയമ്മ, എ. നബീസാബീവി എന്നിവർ ഒഴികെ ആറുപേരും വിജയിച്ചു. പരാജയപ്പെട്ട മൂന്നുപേരും ഐ.എൻ.സി സ്ഥാനാർത്ഥിമാരായിരുന്നു.