ആലുവ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് ജില്ലയിൽ നൽകുന്ന ആറ് സ്വീകരണ യോഗങ്ങളിലായി ആയിരക്കണക്കിനുപേർ ബി.ജെ.പിയിൽ പുതുതായി ചേരുമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. റിട്ട. ജസ്റ്റിസുമാർ, റിട്ട. ഐ.എ.എസ് ഓഫീസർമാർ തുടങ്ങി സാധാരണക്കാർവരെ ബി.ജെ.പിയിലേക്ക് കടന്നുവരും.

വിവിധ രാഷ്ട്രീയപാർട്ടികളിൽ ഉയർന്ന ചുമതലകൾ വഹിച്ചവരും പ്രവർത്തകരുമെല്ലാം ബി.ജെ.പിയിൽ അംഗത്വമെടുക്കും. ആലുവയിലെ സ്വീകരണ യോഗത്തിലും ഇരുനൂറോളം പേർ പുതിയതായി പാർട്ടിയിലെത്തും. ഇക്കൂട്ടത്തിൽ പ്രമുഖരുമുണ്ടാകും. ആരുടെയും പേര് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഉച്ചയ്ക്ക് 12ന് ആലുവ പറവൂർ കവല ഡ്രൈവിംഗ് ടെസ്റ്റ് മൈതാനിയിലാണ് ആലുവയിലെ സ്വീകരണം. ആലുവ മണ്ഡലം കമ്മിറ്റിക്ക് പുറമെ അങ്കമാലി മണ്ഡലത്തിൽ നിന്നുമായി പതിനായിരത്തോളം പ്രവർത്തകർ പങ്കെടുക്കും. യാത്രയെ യു.സി കോളേജ് കവലയിൽ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആനയിക്കും.

പറവൂർ കവലയിലെത്തുമ്പോൾ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യാത്രാ ക്യാപ്ടനെ തുറന്ന വാഹനത്തിൽ സമ്മേളന വേദിയിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനുശേഷം യുവവ്യവസായ പ്രമുഖരുമായി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.

ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ്, സെക്രട്ടറി പ്രദീപ് പെരുമ്പടന്ന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.