പറവൂർ: കൊച്ചിയുടെ ഉപനഗരമായി വളരുന്ന പറവൂരിൽ രണ്ട് വർഷത്തിനകം എല്ലാവർക്കും പാർപ്പിട സൗകര്യമൊരുക്കി പറവൂരിനെ ഭവന രഹിതർ ഇല്ലാത്ത നഗരമാക്കി മാറ്റാനുള്ള പദ്ധതിക്ക് മുൻഗണന നൽകിയുള്ള 2021-22 വർഷത്തെ ബഡ്‌ജറ്റ് വൈസ് ചെയർമാൻ എം.ജെ. രാജു അവതരിപ്പിച്ചു. ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ഭവന നിർമാണ പദ്ധതികൾക്കായി 99ലക്ഷം രൂപ ബഡ്‌ജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൻകുളങ്ങരയിലെ നഗരസഭയുടെ സ്ഥലത്ത് വ്യാപാര സമുച്ചയവും ക്വാർട്ടേഴ്സും നിർമിക്കാനായി 50ലക്ഷം രൂപ വകയിരുത്തി. വെടിമറയിൽ ഡമ്പിംഗ് യാർഡ് നവീകരണത്തിനും ആധുനിക സംസ്കരണ പ്ലാകന്റിന് 50ലക്ഷവും താലൂക്ക് ആശുപത്രി ,ആയുർവ്വേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ മരുന്ന് വാങ്ങാൻ 31ലക്ഷവും സഞ്ചരിക്കുന്ന ആശുപത്രിക്കും വയോമിത്രം പദ്ധതിക്കുമായി 15ലക്ഷവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അഞ്ച് കോടി രൂപ ചെലവിൽ മുനിസിപ്പൽ സ്റ്റേഡിയും പുനർനിർമിക്കാൻ പദ്ധതിയുണ്ട്. ശതാബ്ദി സ്മാരകമായി പുതിയ നഗരസഭാ ഓഫീസ് മന്ദിരം ഉൾപ്പെടെയുള്ളവക്ക് വിഭവശേഷിയനുസരിച്ച് പദ്ധതി തയാറാക്കും. സാമൂഹ്യ സുരക്ഷ പദ്ധതികളായ വൃദ്ധസദനം, ബഡ്സ് സ്കൂൾ, ആശ്രയ പദ്ധതികൾക്കും ഭിന്നശേഷിക്കാർക്കും വനിതകൾക്കും കുട്ടികൾക്കുമായുള്ള പദ്ധതികൾക്കും തുക നീക്കിവെച്ചിട്ടുണ്ട്. വാർഡ് തല പ്രവർത്തികൾക്കും പുനരുദ്ധാരണത്തിനും 2.40കോടി വകയിരുത്തി.

 മറ്റ് പ്രധാന നിർദ്ദേശങ്ങൾ

പുല്ലംകുളത്തെ ചെറുകിട വ്യവസായ കേന്ദ്രം പുതുക്കി പണിയൽ,

അംബേദ്കർ പാർക്കിൽ ഓപ്പൺ ജിംനേഷ്യം,

വെടിമറയിൽ പൊതുശ്മശാനം,

താമര വളവിൽ ബഡ്സ് സ്കൂൾ,

വനിതാ ഹോസ്റ്റൽ,

സോളാർ പാനൽ സ്ഥാപിക്കൽ,

ആധുനിക അറവുശാല,

ജൈവ മാലിന്യ സംസ്കരണ പദ്ധതി,

വെടിമറയിൽ ഇൻഡോർ സ്റ്റേഡിയം,

പ്രധാന കവലകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ