1
ഇടക്കൊച്ചിയൽ നികത്തിയ തണ്ണീർത്തടം

പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭാഗത്ത് ഒരേക്കറോളം സ്ഥലം രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ റിയൽ എസ്റ്റേറ്റ് മാഫിയകൾ നികത്തുന്നതായി പരാതി. ഇന്ദിരാഗാന്ധി റോഡ് വടക്കെ അറ്റം, കൃഷ്ണപിള്ള റോഡ് ഇടതുവശം എന്നിവിടങ്ങളിലെ വിശാലമായ തണ്ണീർത്തടം കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മറ്റും ഉപയോഗിച്ചാണ് നികത്തിക്കൊണ്ടിരിക്കുന്നത്. രാത്രിയും പകലുമായി നിരവധി ലോറികളിലാണ് മണ്ണ് എത്തിക്കുന്നത്.

രാസമാലിന്യം കലർന്ന മണ്ണുകളാണ് ഇവിടെ വൻതോതിൽ വന്നുകൊണ്ടിരിക്കുന്നത്. നാട്ടുകാർ ഇടപെട്ടതോടെ പകൽ സമയങ്ങളിൽ നികത്തിൽ നിർത്തി ഇപ്പോൾ അർദ്ധരാത്രിയിലാണ് നടക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ തണ്ണീർത്തടം നികത്താനുള്ള ശ്രമം നടത്തിയത് അന്നത്തെ വില്ലേജാഫീസർ ഇടപെട്ടാണ് നിർത്തിവയ്പ്പിച്ചത്. കായൽ തീരമായതിനാൽ മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്ന ഇടങ്ങളിലൊന്നായിരുന്നു ഈ സ്ഥലങ്ങൾ. ഇത് പൂർണമായും നികത്തിയതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. കൊച്ചി മേഖലയിൽ ഏറ്റവും കൂടുതൽ തണ്ണീർത്തടങ്ങൾ സ്ഥിതി ചെയ്യുന്നത് ഇടക്കൊച്ചി മേഖലയിലാണ്. ഇതിൽ ഏറിയ പങ്കും നികത്തിയ നിലയിലാണ്. നികത്തൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ കൊച്ചി സെക്രട്ടറി വി.കെ.അരുൺകുമാർ ഇടക്കൊച്ചി വില്ലേജാഫീസർക്ക് പരാതി നൽകി. നാട്ടുകാർ ഇടപെട്ട് നികത്തൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഫോർട്ടുകൊച്ചി ആർ.ഡി.ഒ ക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.