കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതികൾക്കായി 4.88 കോടി രൂപ കൈമാറിയെന്ന് നഗരസഭ, ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയനുസരിച്ച് 60 ദിവസത്തിനുള്ളിൽ നഗരത്തിലെ കനാലുകളുടെ നവീകരണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കമ്മട്ടിപ്പാടത്തെ റെയിൽവെ പാലം പുതുക്കിപ്പണിയുന്ന കാര്യത്തിൽ റെയിൽവെയുടെ നിലപാട് അറിയിക്കാൻ അഭിഭാഷകൻ ഒരാഴ്ച കൂടി സമയം തേടി. ഇതനുവദിച്ച സിംഗിൾബെഞ്ച് ഹർജി മാർച്ച് നാലിലേക്ക് മാറ്റി. പുഞ്ചക്കായൽ, കരീത്തോട് എന്നിവയുടെ നവീകരണത്തിന് പ്രാധാന്യം നൽകണമെന്നും കോടതി നിർദേശംനൽകി.