agriculture
കാൽനൂറ്റാണ്ടിലേറെ കാലം തരിശായി കിടന്ന മുപ്പത്തടം കാച്ചപ്പിള്ളിച്ചാലിൽ കതിരണിഞ്ഞപ്പോൾ

ആലുവ: കാൽനൂറ്റാണ്ടിലേറെ തരിശായി കിടന്ന മുപ്പത്തടം കാച്ചപ്പിള്ളിച്ചാൽ ഒരുകൂട്ടം നാട്ടുകാരുടെ പരിശ്രമത്തിൽ കതിരണിഞ്ഞു. പത്ത് ഏക്കറോളം വരുന്ന പാടശേഖരത്തിൽ ആലിങ്കൽ കർഷക കൂട്ടായ്മ ഒന്നര ഏക്കറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നെൽ കൃഷിയിറക്കിയത്. നവംബറിൽ വിതച്ച നിലം വിളഞ്ഞു പാകമായി. നാളെയാണ് കൊയ്ത്തുത്സവം.

വ്യാവസായ ശാലകളുടെ കടന്നുവരവോടെ കൃഷി നിലച്ച പഞ്ചായത്തിലെ പാടശേഖരങ്ങളിൽ ഒന്നാണ് കാച്ചപ്പിള്ളിച്ചാൽ. എടയാർ വ്യവസായമേഖല മുപ്പത്തടത്തേയ്ക്കു കൂടി വ്യാപിച്ചതോടെ പാടശേഖരങ്ങളോടു ചേർന്ന് കമ്പനികൾ ഉയർന്നു. ഏതാനും വയലുകളിൽ വാഴയും കപ്പയും മറ്റുമായി കൃഷി പരിമിതമായി. കൈയേറ്റങ്ങളെ തുടർന്ന് തോടുകൾ ശോഷിച്ചു. വേനലിൽ കിണറുകൾ വറ്റിയും വർഷകാലത്ത് വെള്ളപ്പൊക്ക ഭീഷണിയുമൊക്കയായി സമീപവാസികൾ പ്രത്യാഘാതങ്ങൾ അനുഭവിച്ചു. ഇതോടെ ആലിങ്കൽ നിവാസികൾ കൃഷി വീണ്ടെടുക്കാനുള്ള ദൗത്യവുമായി രംഗത്തിറങ്ങുകയായിരുന്നു.

യുവാക്കളും വയോജനങ്ങളുമെല്ലാം ചേർന്നു കർഷക കൂട്ടായ്മ രൂപീകരിച്ചു. പാടശേഖരത്തിലെ കാടുവെട്ടിത്തെളിച്ച് നവംബറിൽ നിലമൊരുക്കി. വിത്തിനും വളത്തിനുമായി കൃഷി ഭവനെ സമീപിച്ചെങ്കിലും രജിസ്റ്റർ ചെയ്യാൻ താമസിച്ചതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് പാനായിക്കുളം പാടശേഖര സമിതി കൂട്ടായ്മയ്ക്ക് സൗജന്യമായി ഞാറ്റടികൾ നൽകി. അത്യുത്പാദന ശേഷിയുള്ള കാഞ്ചന ഇനത്തിൽപ്പെട്ട വിത്താണ് ഉപയോഗിച്ചത്. ബ്ലോക്ക്, പഞ്ചായത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം വളവും കീടനാശിനികളും ഒഴിവാക്കിയായിരുന്നു കൃഷി. പെരിയാറിൽ നിന്നു പാടശേഖരത്തിലേക്കുള്ള തോട്ടിൽ ജലനിരപ്പ് താഴ്ന്നു നിലയിലായതിനാൽ സ്വാഭാവിക നീരൊഴുക്ക് ഇല്ലാതായി. ഇറിഗേഷൻ വകുപ്പുകളുടെ ഏകോപനമില്ലായ്മ ജലസേചനം പ്രതിസന്ധിയിലാക്കി.
തോട്ടിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നും മോട്ടോർ പംമ്പ് ഉപയോഗിച്ച് വെള്ളം പംമ്പ് ചെയ്താണ് വയലുകളിൽ വെള്ളം എത്തിച്ചത്. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഉത്പാദന ചെലവ് പ്രതീക്ഷിച്ചതിലും കൂടി. ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നെങ്കിലും ആദ്യകൃഷി വിജയകരമായി പൂർത്തിയാക്കിയ അനുഭവത്തിന്റെ ഊർജ്ജത്തിൽ ഈ ദൗത്യം തുടരാൻ തന്നെയാണ് കൂട്ടായ്മയുടെ തീരുമാനം. നാളെ രാവിലെ 10ന് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുറ്റത്തിൽ, വാർഡ് മെമ്പർ കെ.എൻ. രാജീവ് എന്നിവർ ചേർന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും.