1
ജില്ലാ ആയുർവേദ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തനോദ്ഘാടനം ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു

തൃക്കാക്കര: എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ആശുപത്രിയിൽ പുതുതായി നിർമിച്ച ലിഫ്റ്റ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന യോഗത്തിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും ചികിത്സയ്ക്കായി ആശ്രയിക്കുന്ന ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയുടെ നവീകരണത്തിന് പ്ലാൻഫണ്ടിൽനിന്നും 1കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ആയുർവേദ ആശുപത്രി വികസനപാതയിൽ നാഴികക്കല്ലായ ലിഫ്റ്റ് പ്രവർത്തനസജ്ജമായതോടെ ഇവിടെയെത്തുന്ന രോഗികളുടെ നിരന്തര ആവശ്യത്തിന് കൂടി പരിഹാരമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ആശ സനിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെജി ഡോണോ, ഡോ. സോണിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.