കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതോടെ കൊച്ചി കോർപ്പറേഷന്റെ പദ്ധതിപ്രവർത്തനങ്ങൾ അവതാളത്തിലായി. 2021-22 ലെ ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങൾ 25 നുള്ളിൽ പൂർത്തിയാക്കി ഡി.പി.സി അംഗീകാരം വാങ്ങണമെന്നായിരുന്നു സർക്കാർ ഉത്തരവ്. 27 നകം പദ്ധതിരേഖ ഓൺലൈനായി സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇന്നലെ അടിയന്തര കൗൺസിൽ യോഗം ചേർന്നുവെങ്കിലും സ്ഥിരം സമിതികളിൽ ചർച്ച ചെയ്യാതെ അജണ്ട അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാശിപിടിച്ചതോടെ ഒരു അജണ്ട മാത്രം പാസാക്കി കൗൺസിൽ പിരിഞ്ഞു. ഇന്ന് രാവിലെ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ചർച്ച ചെയ്തശേഷം വൈകിട്ട് കൗൺസിൽ ചേർന്ന് അജണ്ട പാസാക്കാമെന്നും മേയർ സമ്മതിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിലായതോടെ പദ്ധതിരേഖ മടക്കി വയ്ക്കേണ്ട സ്ഥിതിയായി.