jackfruit

നെടുമ്പാശേരി: അടിമുതൽ മുകൾ വരെ ഉരുണ്ട് തുടുത്ത തള്ളച്ചക്കയും പുള്ളച്ചക്കയും നിറഞ്ഞ 10 അടി ഉയരമുള്ള പ്ലാവ് കൗതുകമായി. ചെങ്ങമനാട് പറമ്പയം പുതുവാശേരി എളമന ഉമ്മറിന്റെ വീട്ടുമുറ്റത്തെ പ്ലാവിലാണ് ചെറുതും വലുതുമായ 25 ഓളം ചക്കകളുള്ളത്. ഉമ്മർ ഒന്നരവർഷം മുമ്പ് നഴ്‌സറിയിൽ നിന്ന് വാങ്ങിയ ഒട്ടുപ്ലാവിൻ തൈ വളർന്ന് ചക്ക കായ്ച്ചിട്ടുള്ളത്.

ഭാര്യ റസിയയും ആറ് മാസം പ്രായമുള്ള പേരക്കിടാവ് മുഹമ്മദ് അഹ്‌സാനും ചേർന്നാണ് നട്ടത്. അഹ്‌സാൻ വലുതാകുമ്പോൾ സ്വയം നട്ടുപിടിപ്പിച്ച പ്ലാവിൽ നിന്ന് ചക്ക പറിച്ചെടുക്കുന്ന അനുഭവം സൃഷ്ടിക്കാനും, അതിലൂടെ കൃഷി പരിപോഷിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ അഹ്‌സാന് രണ്ട് വയസ് തികയും മുമ്പെ ഇരുന്നും നിന്നും പറിക്കാവുന്ന വിധം പ്ലാവിൽ ചക്ക നിറയുകയാണ്. തൈ വാങ്ങിയപ്പോൾ ഒന്നര വർഷത്തിനകം തൈ കായ്ച്ച് ചക്കയുണ്ടാകുമെന്ന് നഴ്‌സറിയിലുള്ളവർ ഉറപ്പ് നൽകിയെങ്കിലും വിശ്വസിച്ചില്ലെന്ന് ഉമ്മർ പറയുന്നു. കൃഷി തൽപ്പരനായ ഉമ്മറിന്റെ വീടിനോട് ചേർന്ന അര ഏക്കർ സ്ഥലത്ത് രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഏഴിനം മാവുകൾ, റമ്പുട്ടാൻ, മംഗോസ്റ്റിൻ, സപ്പോട്ട, പേര, ആപ്പിൾ ചാമ്പ, റോസ് ചാമ്പ, പനിനീർ ചാമ്പ തുടങ്ങിയവയുമുണ്ട്. തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും, വീടും പരിസരവും ഓർക്കിഡുകൾ കൊണ്ട് വലയം ചെയ്ത പൂന്തോട്ടവും, ഔഷധച്ചെടികളുമുണ്ട്.