 
പെരുമ്പാവൂർ: മണ്ഡലത്തിലെ 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതി അന്തിമ അനുമതിക്കായി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ടൂറിസം വകുപ്പ് അക്രഡിറ്റഡ് ഏജൻസിയായ അജിത് അസോസിയേറ്റ് മുഖാന്തരം തയ്യാറാക്കിയ രൂപരേഖയാണ് സമർപ്പിച്ചത്. കേന്ദ്ര ടൂറിസം വകുപ്പ് ഡയറക്ടർ ജനറലിനാണ് പദ്ധതി സമർപ്പിച്ചതെന്ന് എം.എൽ.എ അറിയിച്ചു. പ്രസാദ് പദ്ധതിയിലുൾപ്പെടുത്തി വിവിധ ആരാധനാലയങ്ങൾക്ക് തുക അനുവദിക്കുന്നത് കേന്ദ്ര ടൂറിസം വകുപ്പ് മുഖേനയാണ്. 7 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പദ്ധതിക്കായി തയ്യാറാക്കിയത്.
മണ്ഡലത്തിലെ 7 ആരാധനാലയങ്ങളാണ് പദ്ധതിക്കായി നിർദ്ദേശിച്ചത്. ഇവയുടെ ഭൗതിക സാഹചര്യങ്ങൾ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. 900 വർഷം പഴക്കമുള്ള സൗത്ത് വല്ലം ജുമാ മസ്ജിദ്, കല്ലിൽ ക്ഷേത്രം, ചുവർ ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ വല്ലം സെന്റ് തെരാസസ് ഫൊറോനാ ചർച്ച്, ഇരിങ്ങോൾ കാവ്, കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ, ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ആരാധനലയങ്ങളാണ് പദ്ധതിയിലേക്ക് എം.എൽ.എ നിർദ്ദേശിച്ചത്. പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ,ക്രൈസ്തവ ദേവാലയങ്ങൾ, മുസ്ലിം ആരാധനാലയങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അദ്ധ്യാത്മക തീർത്ഥാടനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തീർത്ഥാടകർക്കുള്ള പ്രാഥമിക സൗകര്യങ്ങളോരുക്കുക, ഭക്ഷണം, താമസം തുടങ്ങിയവക്കുള്ള സൗകര്യങ്ങൾ ഒരുക്കുക, കമ്യൂണിറ്റി ഹാൾ, വിവിധോദ്ദേശ്യഹാൾ, ശൗചാലയങ്ങൾ, പാർക്കിംഗ് സ്ഥലം, സൗന്ദര്യവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിക്കുന്നത്.