
കൊച്ചി: ഒരു വശത്ത് അസംസ്കൃത വസ്തുവിന്റെ ലഭ്യതക്കുറവ്. മറുവശത്താകട്ടെ വാട്ടർ അതോറിട്ടിയുടെ പാര. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ചെറുകിട പൈപ്പ് നിർമാണ കമ്പനികൾ അടച്ചുപൂട്ടലിന്റെ വക്കിൽ. സംസ്ഥാനത്ത് 150 ചെറുകിട പൈപ്പ് നിർമാണ സ്ഥാപനങ്ങളാണുള്ളത്. 15000 പേർക്ക് നേരിട്ടും 50000 പേർ അല്ലാതെയും തൊഴിൽ നൽകുന്ന കമ്പനികൾ ഒറ്റയടിക്ക് പൂട്ടിയാൽ ഇത്രയും കുടുംബങ്ങളും ദുരിതത്തിലാകും. അതേസമയം സ്ഥാപനങ്ങൾക്ക് പൂട്ടുവീണാൽ കേരളത്തിന് 450 കോടിയുടെ നികുതി വരുമാവും നഷ്ടപ്പെടും.
ഇറക്കുമതി അഞ്ച് ശതമാനമായി
പി.വി.സി പൈപ്പ് നിർമാണത്തിന്റെ പ്രധാന അസംസ്കൃത വസ്തുവാണ് പി.വി.സി റെസിൻ. രാജ്യത്ത് 50 ശതമാനം മാത്രമാണ് റെസിന്റെ ഉത്പാദനം. 50 ശതമാനം ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊവിഡിനെ തുടർന്ന് ചൈനയിൽ നിന്നടക്കം ഇറക്കുമതി കുറഞ്ഞു. ഇറക്കുമതി അഞ്ച് ശതമാനമായി ചുരുങ്ങിയതോടെ റെസിന് ക്ഷാമമായി. കപ്പൽ മാർഗം ശ്രീലങ്കൻ പോർട്ടിലെത്തിച്ച് അവിടെ നിന്നാണ് റെസിൻ കേരളത്തിൽ കൊണ്ടുവരുന്നത്. കണ്ടെയ്നറുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ ഇവിടെ നിന്നും കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള ചെലവും വർദ്ധിച്ചിട്ടുണ്ട്.
ഇരട്ടിവില
2020 മാർച്ചിൽ പി.വി.സി റെസിന്റെ വില 70 രൂപയായിരുന്നു. ലഭ്യത കുറഞ്ഞതോടെ ഇത് നേരെ ഇരട്ടിയായി.147 രൂപ. ഇന്ത്യയിൽ മൂന്ന് ഇടത്താണ് റെസിൻ ഉത്പാദിപ്പിക്കുന്നത്. ആകെ ഉപയോഗത്തിന്റെ പാകുതി മാത്രമേ ഇത് ഉപകരിക്കൂ. ലഭ്യത കുറഞ്ഞതോടെ വൻകിട സ്ഥാപനങ്ങൾ റെസിൻ വാങ്ങി ശേഖരിക്കുന്നത് ചെറുകിട സ്ഥാപനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
കൈവിടുന്നു വാട്ടർ അതോറിട്ടി
ചെറുകിട നിർമാണ കമ്പനികളുടെ പൈപ്പുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത് വാട്ടർ അതോറിട്ടിയായിരുന്നു. അടുത്തിടെ പി.വി.സി പൈപ്പുകളെ പാടെ തിരസ്കരിച്ച വാർട്ടർ അതോറിട്ടി എച്ച്.ഡി.പി.ഇ ( ഹൈ ഡെൻസിറ്റി പോളി എത്ത്ലീൻ ) പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയതായി ചെറുകിട പൈപ്പ് നിർമാണ കമ്പനി ഉടമകൾ പറയുന്നു. അതേസമയം എച്ച്.ഡി.പി.ഇ പൈപ്പുകൾ എളുപ്പം തീപിടിക്കുന്നതും കൂട്ടിച്ചേർക്കാൻ ചെലവ് ഏറെയുമുള്ള പൈപ്പുകളാണ്. വാട്ടർ അതോറിട്ടി പി.വി.സി പൈപ്പ് നിർമാണ കമ്പനികളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് ഉടമകളുടെ ആവശ്യം.
മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. സ്ഥാപനങ്ങൾ പൂട്ടേണ്ട വക്കിലാണ്.
കെ.മുരളി മോഹനൻ,സ്റ്റേറ്റ് ജന. സെക്രട്ടറി,എ.കെ.എസ്.എസ്.പി.പി.എം.എ