കൊച്ചി : മട്ടാഞ്ചേരി കൊച്ചിൻ കോളേജിലെ ബിരുദ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന വിജിലൻസ് കേസിൽ കോളേജ് മാനേജർ തോമസ്. ജെ. വയലാട്ട്, മാനേജരുടെ സെക്രട്ടറി എൻ. വിജയകുമാർ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രണ്ടാഴ്ച‌യ്ക്കകം ഇരുപ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥചെയ്തു വിട്ടയക്കണമെന്നും വിധിയിൽ പറയുന്നു. രണ്ടുമാസത്തേക്ക് ശനിയാഴ്ചകളിൽ ഇരു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബർ 13 ന് ഒരു കുട്ടിക്ക് ബി.എ എക്കണോമിക്‌സ് കോഴ്സിനു മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നൽകാൻ 1.35 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടെന്നാണ് കേസ്. 5000 രൂപ പണമായും ബാക്കിത്തുക ചെക്കായും കോളേജിലെ ക്ളാർക്കിനു കൈമാറുമ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു.