chenni

കൊച്ചി: മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സൈന്യമാണെന്ന് പറയുന്ന സർക്കാർതന്നെ അവരെ പട്ടിണിയിലേക്ക് നയിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പ്രിൻക്ലർ കരാറിലെ അതേ നിലപാടാണ് ആഴക്കടലിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയിലും സർക്കാരിന്റേത്. ഇനിയും ഉരുണ്ട് കളിക്കാതെ എത്ര കമ്മിഷൻ കിട്ടിയെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണം. അസന്റിൽവെച്ച് കരാർ ഒപ്പിട്ടതിലും മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണ്. അസന്റിൽവെക്കാതെ പിന്നീട് എഴുതിച്ചേർത്തതാണോ? നിയമനങ്ങൾക്ക് മാത്രമല്ല ധാരണാപത്രം ഒപ്പിടുന്നതിനും പിൻവാതിലുണ്ടോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

പ്രവാസികൾക്ക് വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കണം. വിദേശത്തുനിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരെ ക്വാറന്റെെനിൽനിന്ന് ഒഴിവാക്കണം. ഉദ്യോഗാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ചത് പ്രഹസനമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതുവരെ ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. ഇനി ഈ സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. എം.എം. ഹസൻ, പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവരും പങ്കെടുത്തു.