കോലഞ്ചേരി: ഇന്ധന വില വർദ്ധനവ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. കൊവിഡ് പാശ്ചാത്തലത്തിൽ പൊതുഗതാഗതത്തെ പൊതുവെ പൊതുജനങ്ങൾ ഉപേക്ഷിക്കുന്ന സമയത്താണ് തലയിൽ ഇടിത്തിവീണ പോലെ ഇന്ധന വിലവർദ്ധനവ്. ലോക്ക് ഡൗൺ മുതൽ തുടങ്ങിയതാണ് കഷ്ടപ്പാട്. ലോക്ക് ഡൗണിനുശേഷം ഓട്ടം വളരെ കുറഞ്ഞു. ഇപ്പോൾ ഇന്ധനവിലവർദ്ധനയും. ഓട്ടം കുറഞ്ഞാലും ഇന്ധനവില കൂടിയാലും ചെലവുകൾക്ക് കുറവില്ലല്ലോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ ചോദിക്കുന്നത്. നേരത്തെ 50 രൂപയ്ക്ക് ഓടിയിരുന്ന സ്ഥലങ്ങളിലേയ്ക്ക് ഇന്ധനവില കൂടിയശേഷം ഓടിയിട്ട് മുതലാവുന്നില്ലെന്നാണ് പട്ടിമറ്റത്തെ ഓട്ടോത്തൊഴിലാളികൾ പറയുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികളിൽ ഭൂരിഭാഗം പേരും മ​റ്റു വരുമാനമാർഗങ്ങൾ ഇല്ലാത്തവരാണ്. ഓട്ടോറിക്ഷയെ ആശ്രയിച്ച് മാത്രം ഉപജീവനമാർഗം കണ്ടെത്തുന്നവർ. ഇപ്പോൾ ഓട്ടം തീരെ കിട്ടാറില്ലെന്നും ഏറെ നേരം സ്​റ്റാൻഡിൽ വെറുതേയിരിക്കേണ്ട അവസ്ഥയാണെന്നും തൊഴിലാളികൾ പറയുന്നു. ലോക്ക് ഡൗണിനുമുമ്പ് പ്രതിദിനം 800 രൂപ മുതൽ 1000 രൂപവരെ വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ പകുതിപോലും കിട്ടുന്നില്ല. ഡീസല‌‌ടിച്ചു കഴിഞ്ഞാൽ പിന്നെയെങ്ങനെ ജീവിക്കുമെന്നാണിവർ ചോദിക്കുന്നത്. കൊവിഡിന്റെ പ്രതിസന്ധികളും ഒപ്പമുള്ള ഇന്ധനച്ചെലവ് വർദ്ധനയും കാരണം സ്റ്റാൻഡിലെത്തിയുള്ള ഓട്ടം നിർത്തിയവരുമുണ്ട്.

ടൗണുകളിൽ തുടർച്ചയായുള്ള ഗതാഗതക്കുരുക്കും ഓട്ടോറിക്ഷാതൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ്. ജാഥകളും, പ്രകടനങ്ങളും പലപ്പോഴും വഴിമുടക്കുമ്പോൾ ഇന്ധനച്ചിലവുമേറെയാണ്. വാഹനത്തിനുവരുന്ന മ​റ്റു അ​റ്റകു​റ്റപ്പണികൾക്കായുള്ള ചിലവ് താങ്ങാനാകുന്നില്ല. ഒട്ടു മിക്കവരും വൻ തുക ലോണെടുത്താണ് ഓട്ടോ വാങ്ങിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് തിരിച്ചടവിൽ ഇളവ് ലഭിച്ചതിനാൽ ആശ്വാസമായിരുന്നു. ഇപ്പോൾ ലോൺ അടയ്ക്കാൻ പോലുമുള്ള ഓട്ടം ലഭിക്കുന്നില്ല. മുമ്പൊക്കെയാണെങ്കിൽ ഓട്ടംപോയ സ്ഥലത്തുനിന്ന് തിരികെവരുമ്പോൾ യാത്രക്കാരെ കിട്ടുന്നത് വലിയൊരു ആശ്വാസമായിരുന്നു. ഇപ്പോൾ അത്തരത്തിൽ യാത്രക്കാരെ കിട്ടാനില്ല. പല ഓട്ടോറിക്ഷാ ഡ്രൈവർമാരും വീട്ടിൽനിന്ന് കിലോമീ​റ്ററുകൾ ഓടിയാണ് സ്റ്റാൻഡിലെത്തുന്നത്. രാവിലെ സ്​റ്റാൻഡിലേക്ക് വരുമ്പോളും രാത്രി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും കാലിയായാണ് ഓട്ടം.