
കൊച്ചി: ഇ.എം.സി.സിയുമായുള്ള ഇടപാടിനെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും ഫിഷറീസ് മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന രണ്ട് തീരദേശ ജാഥകളിൽ ഒന്ന് നാളെ തുടങ്ങുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ കാസർകോടുനിന്നുള്ള ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ വൈകിട്ട് നാലിന് കസബ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യും. ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിലെ പൊഴിയൂരിൽനിന്ന് മാർച്ച് രണ്ടിന് ആരംഭിക്കുന്ന ജാഥ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും മാർച്ച് ആറിന് വൈപ്പിനിൽ സമാപിക്കും.
വൈപ്പിൻ കടപ്പുറത്ത് നടക്കുന്ന സമാപനസമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും. കാസർകോട്ടുനിന്ന് തുടങ്ങുന്ന ജാഥയുടെ ഉപനായകൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഓട്ടുമ്മലും പൊഴിയൂരിൽ നിന്നാരംഭിക്കുന്ന ജാഥയുടെ ഉപനായകൻ എം. വിൻസെന്റ് എം.എൽ.എയുമാണ്.