yoganadam-

(2021മാർച്ച് ഒന്നിലെ യോഗനാദം എഡിറ്റോറിയൽ)

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഇടതു, വലതു, ദേശീയസഖ്യ മുന്നണികൾ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്ന തിരക്കിലാണ്. സീറ്റുകച്ചവടം പലരീതി​യി​ൽ ഉഷാറാണ് എല്ലായിടത്തും. ജനാധിപത്യത്തിന്റെ കഴുത്തിന് കത്തിവയ്ക്കുന്ന പ്രക്രിയയാണ് സീറ്റ് നിർണയത്തിന്റെ പേരിൽ മുന്നണികളിൽ ഇവിടെ കാലങ്ങളായി നടക്കുന്നത്. രാഷ്ട്രീയ തത്വശാസ്ത്രങ്ങളേക്കാളും പ്രവർത്തനമികവിനേക്കാളും വ്യക്തിഗുണങ്ങളേക്കാളുമുപരി മതവും സമ്പത്തും തന്നെയാണ് സ്ഥാനാർത്ഥികളുടെ യോഗ്യതകൾ. ഭരണം കിട്ടാക്കനിയായി​രുന്നതിനാൽ എൻ.ഡി.എയി​ൽ ഇത്തരം ഏർപ്പാടുകൾ താരതമേന്യ കുറവാണെന്നേയുള്ളൂ. അധികാരം കിട്ടുന്ന കാലത്ത് അവിടെയും ഇതെല്ലാം അരങ്ങേറും.

വിവിധ മുന്നണികളിലെ തദ്ദേശ, നിയമസഭ, പാർലമെന്റ് സീറ്റുകളെല്ലാം സംഘടിത ന്യൂനപക്ഷങ്ങളും സവർണ വിഭാഗങ്ങളും കവർന്നെടുക്കുകയാണ്.എല്ലാ വിഭാഗത്തിനും, വിശേഷിച്ച് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹൈന്ദവ പിന്നാക്കക്കാർക്ക്, ഭരണപങ്കാളിത്തവും നേതൃപ്രാതിനിധ്യവും ഉറപ്പാക്കുന്ന കാര്യത്തിൽ ഒരു പാർട്ടിനേതൃത്വത്തിനും ഗൗരവപൂർണമായ ഒരു കാഴ്ചപ്പാടുമില്ല. സംവരണം നിലവിലുള്ളതിനാൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സീറ്റുകിട്ടുന്നെന്നേയുള്ളൂ. ഇല്ലെങ്കിൽ അവരുടെ കാര്യവും ഗതികേടിലായേനെ.

കേരളത്തിലെ നടപ്പുരാഷ്ട്രീയത്തിൽ ബലിയാടാവുന്നവർ ഹൈന്ദവ പിന്നാക്ക വിഭാഗക്കാർ മാത്രമാണ്. കൊല്ലാനും ചാകാനും തല്ലാനും തല്ലുകൊള്ളാനും വേണ്ടി മാത്രം ഇടതു, വലതു പാർട്ടികൾ കൊണ്ടുനടക്കുന്ന വിഭാഗക്കാരാണ് ഇന്ന് ഇക്കൂട്ടർ.

സമരത്തി​ന് പോകാനും പൊലീസിന്റെയും എതിരാളികളുടെയും തല്ലുകൊള്ളാനും കേസുകളിൽ പ്രതികളാകാനും മാത്രമാണ് പിന്നാക്കവിഭാഗക്കാർക്ക് രാഷ്ട്രീയ പാർട്ടികളിൽ മുൻഗണന. സ്ഥാനാർത്ഥി പട്ടികയിൽ അയിത്തമുണ്ടെങ്കിലും രക്തസാക്ഷി പട്ടികയിൽ ഏതാണ്ടെല്ലാവരും ഇവർ തന്നെ. പക്ഷേ, അധികാരത്തിന്റെയും പാർട്ടി പദവികളുടെയും കാര്യം വരുമ്പോൾ പടിക്ക് പുറത്താവുകയും ചെയ്യും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ രഹസ്യം കേരളകൗമുദി വെളിപ്പെടുത്തിയതോടെയാണ് പിന്നാക്ക വിഭാഗക്കാർ ആ പാർട്ടിയിൽ നേരിടുന്ന കൊടിയ അനീതി പുറത്തുവന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവസമുദായത്തിന് നാമമാത്രമായ പ്രാതിനിധ്യം പോലും നൽകിയില്ലെന്ന സത്യം വിളിച്ചുപറയാൻ ഇവിടെ കേരളകൗമുദി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ മറ്റ് മാദ്ധ്യമങ്ങൾക്കൊനും ഈ അനീതിയും അന്യായവും വാർത്തയേ ആയിരുന്നില്ല. മറിച്ചായിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നു.

മറ്റ് പാർട്ടി​കളി​ലും സ്ഥി​തിയി​ൽ കാര്യമായ​ വ്യത്യാസമി​ല്ലെന്ന് പി​ന്നീട് വ്യക്തമായി​. കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും നെടുംതൂണാണ് ഈഴവസമുദായം. ഇരുപക്ഷവും കുറേക്കാലമായി ഈ സമുദായത്തെ തന്ത്രപൂർവം തഴയുകയാണ്. അതുകൊണ്ടാണ് കോൺഗ്രസിന് ഇപ്പോൾ ഒരു ഈഴവ എം.എൽ.എ പോലും ഇല്ലാത്തത്. ഇങ്ങനെയൊരു ദുരവസ്ഥ ഒരു കാലത്തും കോൺഗ്രസിലുണ്ടായിട്ടില്ല. സംഘടിത ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈപ്പിടിയിലാക്കിയതി​ന്റെ പ്രത്യക്ഷ ഉദാഹരണമാണി​ത്. പല മണ്ഡലങ്ങളി​ലും ഇരുമുന്നണി​കളി​ലെയും സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് ക്രിസ്ത്യൻ സഭകളും മുസ്ളീം മതസംഘടനകളുമാണ്. സ്ഥാനാർത്ഥി​കൾ തങ്ങൾക്ക് സ്വീകാര്യരായവർ വേണമെന്ന് ക്രൈസ്തവസഭാ നേതൃത്വങ്ങൾ കഴി​ഞ്ഞ ദി​വസം പോലും പരസ്യമായി​ പറഞ്ഞി​ട്ടുണ്ട്. എറണാകുളം നി​യമസഭാ, ലോക്‌സഭാ മണ്ഡലങ്ങൾ ലത്തീൻ കത്തോലിക്കർക്കെന്ന പോലെ ക്രൈസ്തവർക്കും മുസ്ളീങ്ങൾക്കും നായർക്കുമായി​ ഇടത്, വലതു പാർട്ടികൾ ഭൂരിഭാഗം മണ്ഡലങ്ങളും സംവരണം ചെയ്ത സ്ഥി​തി​യാണ്. പ്രത്യേകിച്ച് വിജയസാദ്ധ്യതയുള്ളവ.

സി.പി.എമ്മിലെ പുതുതലമുറ നേതാക്കളുടെ ജാതിയും മതവും നോക്കിയാലും സ്ഥിതി വ്യത്യസ്തമല്ല. വിവിധ പാർട്ടികളിൽ പിന്നാക്ക വിഭാഗക്കാരായ നേതാക്കളും പ്രവർത്തകരും ഇപ്പോൾ തെരുവ് നായ്ക്കൾക്ക് സമമായി ആരും തുണയ്ക്കില്ലാതെ അലയുകയാണ് .

മുസ്ളീംലീഗും കേരളകോൺഗ്രസുകളും കവർന്നെടുക്കുന്ന പിന്നാക്കക്കാരുടെ അവസരങ്ങൾ കൂടാതെ ഇടതു, വലതു കക്ഷികളുടെ പദവികളിലും മുസ്ളീം, ക്രിസ്ത്യൻ മേൽക്കോയ്മയാണിപ്പോൾ.

സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരും ഹിന്ദുക്കളായ പിന്നാക്ക വിഭാഗക്കാർ. വർഷം കഴിയുന്തോറും ശോഷിച്ചുവരുന്ന സമൂഹം. സാമ്പത്തികമായും വി​ദ്യാഭ്യാസപരമായും സാമൂഹികമായും ഇപ്പോഴിതാ രാഷ്ട്രീയമായും അപ്രസക്തരാകുകയാണ് ഇവർ. നിലനിൽപ്പിനായി രാഷ്ട്രീയം മറന്ന് ഇനിയും ഒന്നിച്ചു നിന്നില്ലെങ്കിൽ അന്യംനിന്നു പോകുന്ന കാലം വിദൂരമല്ല. ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ടുബാങ്ക് രാഷ്ട്രീയവും മറ്റുള്ളവർ സൃഗാലതന്ത്രങ്ങളും പ്രയോഗിച്ച് അനർഹമായി കവർന്നെടുക്കുന്നത് പിന്നാക്കവിഭാഗങ്ങൾക്ക് അർഹതപ്പെട്ട പൊതുസമ്പത്തും ജീവിതസാദ്ധ്യതകളുമാണ്. ആദർശത്തിന്റെ ആൾരൂപങ്ങളായി നിൽക്കുന്ന പ്രമുഖ നേതാക്കളിൽ പലരും തങ്ങളുടെ സ്വന്തക്കാരെയും മതക്കാരെയും മാത്രമാണ് പാർട്ടി​കളി​ൽ കൈപിടിച്ചുയർത്തുന്നതെന്ന യാഥാർത്ഥ്യം മനസിലാക്കി അവകാശങ്ങൾ ചോദിച്ചുവാങ്ങാനുള്ള ധൈര്യം ഇനിയെങ്കിലും പിന്നാക്കസമുദായക്കാർ കാണിക്കണം. കിട്ടിയില്ലെങ്കിൽ വേറെ വഴിനോക്കുമെന്ന് പറയാനുള്ള മനസും വേണം. വല്ലപ്പോഴും വീണുകിട്ടിയേക്കാവുന്ന അപ്പക്കഷണങ്ങൾക്ക് കാത്തുനിൽക്കുന്നവരാകരുത് നിങ്ങൾ. ആദർശം പിന്നാക്കക്കാർക്കും അവസരങ്ങൾ മറ്റുള്ളവർക്കുമെന്ന പാർട്ടികളുടെ നയം പൊളിച്ചെഴുതി​പ്പി​ക്കണം. തൊഴുത്തിൽ കുത്തും കുതികാൽവെട്ടും അവസാനിപ്പിച്ച് ഇനിയെങ്കിലും, വളരെ വൈകിയ വേളയിലെങ്കിലും കൂട്ടായി വിലപേശാനുള്ള ചെറിയ ശക്തിയെങ്കിലും സ്വന്തം പാർട്ടികളിൽ നിങ്ങൾ നേടിയില്ലെങ്കിൽ അടുത്ത തലമുറയോട് ചെയ്യുന്ന അന്യായമാകുമത്.

ഈ തിരഞ്ഞെടുപ്പിലും ഹൈന്ദവ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കാനാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ഇക്കുറിയും ഒരുങ്ങുന്നതെങ്കിൽ അതിന് തക്ക മറുപടി നൽകിയേ തീരൂ.