കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയെ വരവേൽക്കാൻ ജില്ല ഒരുങ്ങിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. ഇന്ന് രാവിലെ ജില്ലാ അതിർത്തിയായ മൂത്തകുന്നത്ത് എസ്. ജയകൃഷ്ണൻ യാത്രയെ സ്വീകരിക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിജയയാത്ര ജില്ലയിലെ ആദ്യ സ്വീകരണസ്ഥലമായ പറവൂരിൽ എത്തിച്ചേരും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് 12 മണിക്ക് ആലുവ പറവൂർ കവലയിലാണ് സ്വീകരണം. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.

ഉച്ചയ്ക്ക് ഒന്നിന് ആലുവ മാർക്കോപോളി ഹോട്ടലിൽ യുവവ്യവസായികൾക്കൊപ്പം ഉച്ചഭക്ഷണം.മൂന്നുമണിക്ക് പെരുമ്പാവൂരിൽ സമുദായ നേതാക്കളുമായി കൂടികാഴ്ച നടക്കും. നാലിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണസമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂരിലെ സ്വീകരണത്തിനുശേഷം യാത്ര ആറുമണിക്ക് പാലാരിവട്ടത്ത് എത്തിച്ചേരും. പൊതുസമ്മേളനം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആദ്യദിവസത്തെ സമാപനസമ്മേളനം ഏഴിന് തൃപ്പൂണിത്തുറയിൽ കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി എം.പി സംസാരിക്കും.

മാർച്ച് ഒന്നിന് രാവിലെ രാവിലെ എട്ടിന് കെ. സുരേന്ദ്രൻ ചെല്ലാനം സന്ദർശിക്കും. പത്തിന് ബി.ടി.എച്ചിൽ ബി.ജെ.പിയിൽ ചേരുന്ന ക്രൈസ്തവ നേതാക്കളെ സ്വീകരിക്കും. പതിനൊന്നിന് എറണാകുളം ഗംഗോത്രി ഹാളിൽ വിദ്യാർത്ഥി യുവജനങ്ങളുമായും 12ന് കൊച്ചിയിലെ പൗരപ്രമുഖരുമായി ബി.ടി.എച്ചിലും കൂടിക്കാഴ്ച നടത്തും. നാലുമണിക്ക് മൂവാറ്റുപുഴയിലെ സ്വീകരണ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.