
കൊച്ചി: സൈക്കിൾ ട്രാക്ക് കൈയേറ്റത്തിൽ വിഷമിക്കേണ്ട. മാർച്ച് പാതിയോടെ തടസമില്ലാതെ സൈക്കിളുമായി കൊച്ചിയിൽ ചുറ്റിയടിക്കാം. സൈക്കിൾ ട്രാക്കുകൾ ഉൾപ്പെടുത്തിയുള്ള സ്മാർട്ട് റോഡുകളുടെ നിർമ്മാണം മാർച്ച് 15ന് പൂർത്തിയാകും. ട്രാക്ക് കൈയേറിയുള്ള പാർക്കിംഗ് ഇതോടെ ഒഴിവാകും. പച്ചാളം ക്വീൻസ് വാക്ക് വേ റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ് എന്നിവിടങ്ങളിലാണ് പരീക്ഷണാർത്ഥം സൈക്കിൾ ട്രാക്കുള്ളത്.
പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്ന നിലയിലാണ് റോഡുകളിൽ ട്രാക്കുകൾ വരച്ചിരിക്കുന്നത്. കാനകളുടേയും നടപ്പാതകളുടേയും നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം ട്രാക്കുകൾ വീണ്ടും പരിഷ്കരിക്കും. കൊച്ചി മേയർ അഡ്വ.എം അനിൽകുമാരിന്റ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിലുണ്ട്. കഴിഞ്ഞ ദിവസം മേയറുടെ നേതൃത്വത്തിൽ വെസ്റ്റ് ട്രാഫിക് അസി. കമ്മിഷണർ, കെ.എം.ആർ.എൽ അധികൃതർ, കൊച്ചി സ്മാർട്‌സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ), ആർ.ടി.ഒ, സൈക്ലിംഗ് സംഘം ഭാരവാഹികൾ എന്നിവർ യോഗം ചേർന്ന് സ്മാർട്ട് റോഡിന്റെ നിർമ്മാണം വിലയിരുത്തിയിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ ട്രാക്കുകൾ പൂർണമായും സൈക്ലിംഗിന് അനുയോജ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് യോഗത്തിന്റെ തീരുമാനം.
തീരുമാനം
1.ട്രാക്ക് സൂപ്പറാക്കും
2.പാർക്കിംഗ് ഒഴിവാക്കും
3.ബോധവത്കരണം നടത്തും
ട്രാഫിക് പൊലീസ് നിർദേശം
1.സമയ ക്രമീകരണം നടപ്പാക്കണം
2.കാൽനട യാത്രികന് പ്രാധാന്യം ഉറപ്പാക്കണം
3.അപകടങ്ങൾ ഒഴിവാക്കാൻ നടപടി
4.പാർക്കിംഗ് സൗകര്യം ഒരുക്കണം
ട്രാക്കുകൾ മികച്ചതാകും
പദ്ധതി പൂർത്തിയാകുന്നതോടെ സൈക്കിൾ ട്രാക്കുകൾ മികച്ചതാകും. സ്മാർട്ട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതികളെല്ലാം യോഗം ചേർന്ന് വിലയിരുത്തിയിരുന്നു. ബോധവത്കരണമടക്കം നടത്തി സൈക്കിൾ യാത്ര ജനകീയമാക്കും.
അഡ്വ. എം. അനിൽകുമാർ
കൊച്ചി മേയർ
സർവീസ് ഓഡിറ്റിംഗ്
സൈക്കിൾ പാത തുറന്ന് കൊടുക്കും മുമ്പ് സർവീസ് ഓഡിറ്റിംഗ് നടത്തും. അപകടം ഉണ്ടാകുമോ എന്നതടക്കമുള്ള വിഷയങ്ങൾ ഇതിൽ പരിശോധിക്കും. കൊച്ചിയിലെ റോഡുകളിൽ മികച്ച സൈക്കിൾ ട്രാക്കുകൾ വരുമ്പോൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെന്ന് ഉറപ്പ് വരുത്തും.
ടി.ബി വിജയൻ
അസി. കമ്മിഷണർ
ട്രാഫിക് വെസ്റ്റ്
കൊച്ചി