കൊച്ചി: എറണാകുളം ഗോശ്രീ കൊടുങ്ങല്ലൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ സ്ഥിരമായി ട്രിപ്പുകൾ മുടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ബോട്ട് ജെട്ടിയിൽ നിന്ന് ഗോശ്രീ മാല്ല്യക്കര വഴി കൊടുങ്ങല്ലൂർ പോകുന്ന ബസുകളാണ് സ്ഥിരമായി മുടങ്ങുന്നത്. ചെറായി പള്ളിപ്പുറം പ്രദേശങ്ങളിലുള്ള യാത്രക്കാർ ഭൂരിഭാഗവും കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. രാത്രി എഴ് മണിക്കാണ് ബോട്ട് ജെട്ടിയിൽ നിന്നും ഗോശ്രീ വഴി പോകുന്ന അവസാന ബസ്. 6.40നുള്ള മാല്ല്യക്കര ബസിന് ശേഷം 40 മിനിറ്റ് കാത്ത് നിൽക്കണമെന്നുള്ളതും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. മിക്കദിവസങ്ങളിലും മാല്ല്യക്കര ബസും സർവീസ് നടത്താറില്ല. കെ.എസ്.ആർ.ടി.സി അധികൃതരിൽ നിന്ന് കൃത്യമായ പ്രതികരണം ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.