കൊച്ചി: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനികളിലേക്ക് വൈദ്യുതിയെത്തിക്കാൻ വനത്തിലൂടെ ഇലക്ട്രിക് ലൈൻ വലിക്കുന്നതിന് അനുമതി തേടി കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു നിർദ്ദേശിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രായലത്തിന്റെ ബംഗളൂരുവിലെ റീജിയണൽ ഒാഫീസിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. കല്ലേലിമേട്, തലവെച്ചുപാറ, കുഞ്ചിപ്പാറ തുടങ്ങിയ കോളനികളിലേക്ക് വൈദ്യുതി എത്തിക്കാനാണ് അനുമതി തേടി 2019 ജൂൺ 26 നാണ് കെ.എസ്.ഇ.ബി അപേക്ഷ നൽകിയത്. ഇതുവരെ അപേക്ഷയിൽ നടപടിയുണ്ടായില്ലെന്നാരോപിച്ച് കുഞ്ചിപ്പാറ കോളനയിലെ അഴകൻ വല്യലങ്കാരം, രാജേഷ് പണിക്കൻ എന്നിവർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.