കൊച്ചി: ദേശീയ നിയമ സർവകലാശാല നുവാൽസിൽ മഹാമാരികൾ ഉയർത്തുന്ന ആരോഗ്യ, മനുഷ്യാവകാശ, ബൗദ്ധികാവകാശ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ നടന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സെമിനാർ സമാപിച്ചു. വൈസ് ചാൻസലർ ഡോ. കെ. സി.സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്‌ഘാടനം ചെയ്തു. സമ്മേളനത്തിൽ ഗ്ലോബൽ ഹെൽത്ത് പ്രൊഗ്രാം ഡയറക്ടർ റോബർട്ട് യേറ്റ്സ്, സൗത്ത് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. കാർലോസ് കോറിയ, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ബി.ഇക്ബാൽ, രജിസ്ട്രാർ മഹാദേവ് എം.ജി, ഡോ. ലിജി സാമുവൽ , ഡോ. അതിര പി.എസ്, നമിത കെ.എൽ എന്നിവർ പ്രസംഗിച്ചു. വിവിധ സമ്മേളനങ്ങളിലായി മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനം കേരള ഹൈകോടതി ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ നിർവഹിച്ചു.