udf-leaders

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം രാഷ്ട്രീയവത്കരിച്ചെന്നാരോപിച്ച് 2017ൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ ആറ് യു.ഡി.എഫ് നേതാക്കൾ ഇന്നലെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, എം.പിമാരായ ബെന്നി ബെഹ്‌നാൻ, ഹൈബി ഇൗഡൻ, അനൂപ് ജേക്കബ് എം.എൽ.എ എന്നിവരാണ് ഇന്നലെ ജാമ്യമെടുത്തത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ ജാമ്യമെടുത്തിരുന്നു.

മെട്രോയിൽ അനധികൃതമായി യാത്ര ചെയ്തെന്നാരോപിച്ച് മെട്രോ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് ആലുവ പൊലീസാണ് 27 നേതാക്കൾക്കെതിരെ കേസെടുത്തത്. 2017 ജൂൺ 20 നാണ് യു.ഡി.എഫ് നേതാക്കൾ ആലുവയിൽനിന്ന് കൊച്ചിയിലേക്ക് മെട്രോയിൽ പ്രതിഷേധയാത്ര നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും മെട്രോസ്റ്റേഷനിലും ട്രെയിനിലും അതിക്രമിച്ചു കയറിയെന്നാണ് കേസ്.