കൊച്ചി: എളങ്കുളത്ത് കാഴ്ച മറയ്ക്കുന്ന രീതിയിൽ റോഡിലേക്ക് നിൽക്കുന്ന മതിലുകളും പുറമ്പോക്കിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾ അപകടത്തിൽപ്പെട്ട് മരിച്ചത് റോഡിലെ കാഴ്ച മറയ്ക്കുന്ന ഇത്തരം നിർമ്മിതികൾ മൂലമാണെന്ന് വ്യാപാരി വ്യവസായി സമിതി കുറ്റപ്പെടുത്തി. ജനുവരിയിൽ സമിതി നടത്തിയ സമരത്തെ തുടർന്ന് ഇവിടെ സിഗ്നലും മെട്രോ തൂണുകളിൽ വലിപ്പമുള്ള റിഫ്‌ളക്ടർ ബോർഡുകളും സ്ഥാപിച്ചിരുന്നു. യുവാക്കളുടെ അപകട മരണത്തിന് പിന്നാലെ വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികൾ സ്ഥലം സന്ദർശിച്ചിരുന്നു. മെട്രോ തൂണുകൾ 820 മുതൽ 829 വരെയുള്ള റോഡിന്റെ വടക്ക് ഭാഗത്ത് വൻകിട കെട്ടിടങ്ങളുടെ മതിലുകൾ റോഡിൽ തള്ളി നിൽക്കുകയാണെന്ന് മനസിലായി. ഈ സാഹചര്യത്തിലാണ് പ്രതിഷേധമയുമായി മുന്നിട്ടിറങ്ങാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.