ആലുവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശിവരാത്രി നാളിൽ മണപ്പുറത്ത് ബലിതർപ്പണത്തിനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനായി ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആലുവയിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യുന്നവർക്ക് ബലിതർപ്പണത്തിന് സമയം നിശ്ചയിച്ച് നൽകും. അവർക്ക് മാത്രമായിരിക്കും മണപ്പുറത്ത് പ്രവേശനം അനുവദിക്കുക. വിശ്വാസികളെ 200 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഒരേസമയം ആയിരംപേർക്കായിരിക്കും പ്രവേശനം. മണപ്പുറത്തേക്കുള്ള മൂന്ന് വഴികളിലും സ്ക്രീനിംഗ് സംവിധാനത്തോടെ പൊലീസ് സ്ക്വാഡ് ഉണ്ടാകും. നടപ്പാലത്തിന് പുറമെ ആൽത്തറവഴിയും വടക്കേ മണപ്പുറം വഴിയുമാണ് മണപ്പുറത്തേക്ക് പ്രവേശനമുള്ളത്. മാർച്ച് 11നാണ് ശിവരാത്രി.
സാധാരണ ശിവരാത്രി നാളിൽ രാത്രി മണപ്പുറത്തെത്തി ഉറക്കമിളച്ച് പുലർച്ചെ ബലിതർപ്പണം നടത്തുകയാണ് പതിവ്. എന്നാൽ ഇക്കുറി രാത്രി മണപ്പുറത്ത് തങ്ങാൻ അനുവദിക്കില്ല. 12ന് പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും ബലിതർപ്പണം. ബലിതർപ്പണത്തിനും ക്ഷേത്രദർശനത്തിനുമായി 30 മിനിറ്റായിരിക്കും ഭക്തർക്ക് അനുവദിക്കുക. അവലോകന യോഗത്തിനെത്തിയ ആരോഗ്യവകുപ്പും പൊലീസും ജില്ലാ ഭരണകൂടവും പരമ്പരാഗത രീതിയിലുള്ള ബലിതർപ്പണത്തിന് എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ഓൺലൈൻ സംവിധാനം നടപ്പിലാക്കിയത്. ചരിത്രത്തിലാദ്യമായാണ് ശബരിമല മാതൃകയിൽ ഇവിടെ ഓൺലൈൻ പരീക്ഷിക്കുന്നത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ശിവരാത്രി മണപ്പുറത്ത് ഇക്കുറി ബലിതർപ്പണം വേണ്ടെന്നാണ് കഴിഞ്ഞ 19ന് ചേർന്ന ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കേരളകൗമുദിയിൽ വന്ന 'മണപ്പുറത്ത് ഇക്കുറി ബലിതർപ്പണമില്ല' എന്ന വാർത്തയെ തുടർന്ന് വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്നാണ് ദേവസ്വം ബോർഡ് തീരുമാനം മാറ്റിയത്.
ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പന്റെ അദ്ധ്യക്ഷതയിലായിരുന്നു അവലോകന യോഗം. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ബോർഡ് മെമ്പർ കെ.എസ്. രവി, കമ്മീഷണർ ബി.എസ്. തിരുമേനി, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, വിവിധ വകുപ്പ് മേധാവികളായ ആർ. വിനോദ്, കെ.വി. അശോകൻ, നഗരസഭ കൗൺസിലർ കെ.വി. സരള എന്നിവരും പങ്കെടുത്തു.