അങ്കമാലി: ലോറിയിൽ കയറ്റിക്കൊണ്ടുപോയ ഹിറ്റാച്ചി റോഡിലേക്ക് തെന്നിവീണു മണിക്കൂറുകളോളം അങ്കമാലിയിൽ ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ അങ്കമാലി അങ്ങാടിക്കടവ് ജഗ്ഷനിലാണ് സംഭവം.
കാലടി ഭാഗത്ത് നിന്ന് ടി.ബി.റോഡിലൂടെ തൃശൂർ റോഡിലേക്ക് പ്രവേശിക്കുന്നതിനായി അമിത വേഗതയിൽ ലോറി വളയ്ക്കുന്നതിനിടെയാണ് ലോറിയിൽ നിന്ന് ഹിറ്റാച്ചി തെന്നിവീണത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും യാത്രക്കാരും ഇതിലൂടെ ഈ സമയത്ത് കടന്നു പോകുന്നുണ്ടായിരുന്നെങ്കിലും ആരും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. രണ്ട് ക്രെയിൻ എത്തിച്ചാണ് ഹിറ്റാച്ചി പൊക്കി മാറ്റിയത്.രണ്ട് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അങ്കമാലി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ലോറി ഡ്രൈവർ കല്ലൂർക്കാട് സ്വദേശി ശരത്തിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.