കൊച്ചി: വൈദ്യുതിപോസ്റ്റ് വാടകയിൽ ഇളവ് അനുവദിച്ച സർക്കാർ നടപടി സ്വാഗതാർഹമെന്ന് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) ഭാരവാഹികൾ അറിയിച്ചു. കോർപ്പറേഷൻ / മുനിസിപ്പാലിറ്റി ഏരിയകളിൽ പോസ്റ്റ് ഒന്നിന് 300 രൂപയും പഞ്ചായത്ത് മേഖലകളിൽ 145 രൂപയുമാണ് പുതിയ നിരക്ക്. ഇത് ഏപ്രിൽ 1ന് നിലവിൽവരും. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഏരിയകളിൽ 410 രൂപയും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ 205 രൂപയായും നേരത്തെ വാടക വർദ്ധിപ്പിച്ചിരുന്നു. 1997 മുതൽ 17 രൂപയായിരുന്നു വാടക. അതാണ് ഈ വർഷം കുത്തനെ കൂട്ടിയത്.
വൻകിട വിദേശ കുത്തക കമ്പനികളോടുപോലും നിലനിൽപ്പിനുവേണ്ടി മത്സരിക്കുന്ന സാഹചര്യത്തിൽ കുത്തനെയുള്ള നിരക്ക് വർദ്ധനവ് ചെറുകിട മേഖലയിൽ വലിയസാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായി സി.ഒ.എ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കേബിൾ ടി.വി മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നുള്ള പരിശോധനാഫീസ് 15ൽനിന്ന് 10 രൂപയായും കുറച്ചു. സുരക്ഷാ പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരുവർഷത്തിൽനിന്നും 3 വർഷമായി നീട്ടുകയും ചെയ്തു. രാജ്യത്തെ ടെലിവിഷൻ മാദ്ധ്യമമേഖലയും ഡിജിറ്റൽ കേബിൾ ടിവി, ബ്രോഡ്ബാൻഡ് സേവനമേഖലയും പൂർണമായും വിദേശമൂലധന പങ്കാളിത്തമുള്ള വൻകിട കോർപറേറ്റുകൾ കൈയടക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചെറുകിട മേഖലയെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം സ്വാഗതാർഹമാണെന്ന് സി.ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ പറഞ്ഞു.