ആലുവ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആലുവ മഹാശിവരാത്രി അവലോകന യോഗത്തിൽ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ എസ്. സുഹാസിനെതിരെ രൂക്ഷ വിമർശനം. അവലോകന യോഗത്തിലെ തീരുമാനം ജില്ലാ കളക്ടറുടെ അനുമതിക്ക് വിധേയമായേ നടപ്പാക്കാനാകുവെന്ന തഹസിൽദാർ എസ്.എൻ. അനിൽകുമാറിന്റെ വിശദീകരണത്തിന് പിന്നാലെയാണ് നഗരസഭ ചെയർമാനും ദേവസ്വം ബോർഡും വിമർശനം ഉന്നയിച്ചത്. ഇതേതുടർന്ന് യോഗം അവസാനിക്കും മുമ്പ് തഹസിൽദാർ ഇറങ്ങിപ്പോകുകയും ചെയ്തു. ശിവരാത്രിക്കൊപ്പം നടത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര മേള അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനുവരിയിൽ ദേവസ്വം മന്ത്രിക്ക് നഗരസഭ കത്ത് നൽകിയിരുന്നു. ഉടൻ തീരുമാനമെടുക്കാനായി ജില്ലാ കളക്ടർക്ക് കൈമാറിയെങ്കിലും ഇതുവരെ തീരുമാനമറിയിച്ചില്ലെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ കുറ്റപ്പെടുത്തി. അഞ്ച് തവണ കളക്ടറേറ്റുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇങ്ങനെ പോയാൽ ഇനിയും അനുമതി തേടി പിന്നാലെ നടന്നാൽ ശിവരാത്രി കഴിയുമെന്നും ചെയർമാൻ കുറ്റപ്പെടുത്തി. ശിവരാത്രി നടത്തിപ്പിനായി വേണ്ട കൊവിഡ് മാനദണ്ഡങ്ങളെ പറ്റി നിർദ്ദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകിയെങ്കിലും അതിനും മറുപടി നൽകിയില്ലെന്ന് യോഗത്തിൽ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. അതേ സമയം മറുപടി നൽകാത്തത് വിഷയത്തിൽ കളക്ടർക്കുള്ള പരിമിതികൾ കൊണ്ടാണെന്ന് യോഗത്തിനെത്തിയ ആലുവ തഹസിൽദാർ വ്യക്തമാക്കി.