നെടുമ്പാശേരി: ചെങ്ങൽതോടിൽ തുറവുങ്കരയേയും ചെത്തിക്കോടിനേയും ബന്ധപ്പെടുത്തി പാലം നിർമിച്ചത് ദീർഘവീക്ഷണത്തോടെയാണെന്ന് സിയാൽ അധികൃതർ. തുറവുങ്കര-ചെത്തിക്കോട് റോഡിലെ പാലത്തിനായി സിയാൽ 6.88 കോടി രൂപ ചെലവഴിച്ചു. പാലത്തിന്റെ രണ്ട് ഭാഗത്തുമുള്ള അപ്രോച്ച് റോഡുകൾക്ക് നിലവിൽ വീതി കുറവാണ്. ഈ റോഡുകൾ തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ്. സമീപമുള്ള സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് വീതി കൂട്ടുന്ന നടപടി തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. സ്ഥലം ഏറ്റെടുത്ത് നിലവിലെ അപ്രോച്ച് റോഡിൽ ചേർത്താൽ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ. ഇരുഭാഗത്തുമുള്ള അപ്രോച്ചിന്റെ വീതി ഭാവിയിൽ കൂടുമ്പോൾ പാലത്തിന്റെ വീതി കൂട്ടാൻ കഴിയില്ല. ഇക്കാര്യം മുന്നിൽകണ്ടാണ് സിയാൽ എൻജിനീയറിങ് പഠനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുവരി പാതയുടെ വീതിയിൽ പണികഴിപ്പിച്ചത്. 45 മീറ്റർ നീളവും ഏഴര മീറ്റർ വീതിയും ഒന്നരമീറ്റർ നടപ്പാതയുമാണ് ഈ പാലത്തിനുള്ളത്. പാലം പണികഴിപ്പച്ചതിൽ അശാസ്ത്രീയത ഇല്ലെന്നും സിയാൽ വ്യക്തമാക്കി.