കൊച്ചി: എൽ.ഡി.എഫ് സർക്കാരിൽ നിന്ന് മത്സ്യത്തൊഴിലാളികളെയും മത്സ്യസമ്പത്തിനെയും സംരക്ഷിക്കാനുള്ള യു.ഡി.എഫിന്റെ പോരാട്ടമാണ് മാർച്ച് ഒന്നിന് ആരംഭിക്കുന്ന തീരദേശ ജാഥകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി. വിഴിഞ്ഞത്ത് നിന്ന് മുൻ മന്ത്രി ഷിബു ബേബി ജോണിന്റെയും കാസർകോട് നിന്ന് ടി എൻ പ്രതാപൻ എം പിയുടെയും നേതൃത്വത്തിലാണ് ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. മാർച്ച് 6 ന് വൈപ്പിനിലെ പള്ളത്താംകുളങ്ങരയിൽ ജാഥകൾ സമാപിക്കും. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. കെ.വി. തോമസ്, ഡി.സി.സി പ്രസിഡന്റ് ടി. ജെ. വിനോദ് എം.എൽ.എ, കെ.പി. ധനപാലൻ, കെ. ബാബു, എൻ. വേണുഗോപാൽ, അബ്ദുൾ മജീദ്, ജോർജ് സ്റ്റീഫൻ, പി. രാജേഷ്, രാജു പാണാലിക്കൽ, തമ്പി ചെള്ളാത്ത്, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.