
കൊച്ചി: നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനന്റെ ഓർമ്മകൾ നിലനിറുത്താൻ ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷനും (ആശ) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന അർജുനോപഹാരം ഗാനരചയിതാവും സംഗീത സംവിധായകനും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് സമർപ്പിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് എറണാകുളം ബി.ടി.എച്ച്. ഹോട്ടലിൽ അർജുനൻ മാസ്റ്ററുടെ 86 -ാം പിറന്നാൾ ദിനത്തിത്തിലാണ് പുരസ്കാര ചടങ്ങ്. രണ്ട് മണിക്കൂർ നീളുന്ന ചടങ്ങിൽ മാഷിന്റെ ഗാനങ്ങൾ പാടാൻ താല്പര്യമുള്ളവർക്ക് അവസരവുമുണ്ട്. ശ്രീകുമാരൻ തമ്പി രചിച്ച് എം.കെ അർജുനൻ സംഗീതം നൽകിയ ഗാനങ്ങൾ മലയാളത്തിന് എക്കാലവും ഓർമ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്. പാടാത്ത വീണയും പാടും.., വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..., ചെമ്പകത്തൈകൾ പൂത്ത..., പാലരുവി കരയിൽ പഞ്ചമി വിടരും പടവിൽ.., മല്ലികപ്പൂവിൻ മധുരഗന്ധം.., ആ ത്രിസന്ധ്യ തൻ അനഘമുദ്രകൾ.., ആയിരം അജന്ത ചിത്രങ്ങളെ..., സൂര്യകാന്തിപ്പൂ ചിരിച്ചു..., സിന്ധൂരം തുടിക്കുന്ന തിരുനെറ്റിയിൽ തുടങ്ങിയ ഹിറ്റുകവ അവയിൽ ചിലതാണ്.
 ഇഷ്ടപ്പെടാത്ത പാട്ടുകൾ ഉണ്ടാക്കിയിട്ടില്ല
എന്റെ മനസിലെ സംഗീത സങ്കല്പം ദേവരാജൻ മാഷോടു ചർച്ച ചെയ്യാൻ പറ്റിയിട്ടില്ല. ദക്ഷിണാമൂർത്തി സ്വാമിയോട് അൽപമൊക്കെ സാധിച്ചിട്ടുണ്ട്. ഞാനും അർജുനനും പാട്ടൊരുക്കാനിരിക്കുമ്പോഴേ എന്റെ മനസിലുള്ളത് അദ്ദേഹം ഇങ്ങോട്ടു ചോദിക്കും. കവിതയെ അത്രയേറെ പൂജിക്കുന്ന സംഗീതജ്ഞനായിരുന്നു അർജുനൻ. ഞങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടപ്പെടാത്ത പാട്ടുകൾ ഞങ്ങളുണ്ടാക്കിയിട്ടില്ല.
ശ്രീകുമാരൻ തമ്പി
 അർജുനൻ മാഷിനുവേണ്ടി ഇങ്ങനെയൊരു ഉപഹാരം നൽകുന്നത് കാലം കാത്തുവച്ച നിയോഗമായിരിക്കാം.നമ്മുടെ മനസിനേയും ശരീരത്തേയും എക്കാലത്തും ഉത്തേജിപ്പിക്കുന്ന നല്ലൊരു ഒൗഷധമാണ് മാഷിന്റെ പാട്ടുകൾ
പി.വി. ആന്റണി
എം.ഡി
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ