പറവൂർ: ഒരു വർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നു പറഞ്ഞ് അധികാരത്തിലേറിയവർ പി.എസ്.സിയെ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രക്ക് പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഷ്ടപ്പെട്ട് പഠിച്ച് ടെസ്റ്റ് എഴുതി ലിസ്റ്റിൽ വന്നവർക്ക് ജോലിയില്ല. പാർട്ടിക്കാരുടെ ഭാര്യമാർക്കും സ്വന്തക്കാർക്കും പിൻവാതിൽ നിയമനം. പരമ്പരാഗത വ്യവസായങ്ങൾ ഇരുമുന്നണികളും മാറിമാറിഭരച്ച് തകർത്തു. പാവപ്പെട്ടവരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവർ സർക്കാരിന്റെ മുന്നിൽ വോട്ട് ബാങ്കില്ല. അതിനാൽ ഒരു സഹായമോ, ആശ്വാസ നടപടിയോ സർക്കാരിന്റെ ഭാഗത്തു ഉണ്ടായിട്ടില്ല.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇരുമുന്നണികളും ശബരിമല വിഷയത്തിൽ നിലപാട് മാറ്റി. പിണറായി സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ കൂട്ടരും എവിടെയായിരുന്നു. രണ്ടുകൂട്ടരുടെയും കള്ളത്തരങ്ങളൊന്നും ഇനിവിലപോകില്ല. ശബരിമല സംരക്ഷണത്തിന് 365 ദിവസവും ഇരുപത്തിനാല് മണിക്കൂറും ബി.ജെ.പിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ചേന്ദമംഗലം കൈത്തറി നെയ്ത്ത് തൊഴിലാളിയായ കരിമ്പാടം സ്വദേശിനി വത്സല രാജുവിനെ സുരേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. എൻ. പുരുഷോത്തമൻ പിള്ള, കെ.എസ്. സാജു, മുഹമ്മദ് അയൂബ്, അഡ്വ. ജോയ് കളത്തുങ്കൽ, റാണി ബിജോയ്, ബിനോയ് എന്നി പ്രമുഖർക്ക് സുരേന്ദ്രൻ പാർട്ടി അംഗത്വം നൽകി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, പി.എം. വേലായുധൻ, പ്രകാശ് ബാബു, കൃഷ്ണകുമാർ, കെ.എസ്. ഷൈജു, കെ.പി. രാജൻ, വിനോദ് ഗോപിനാഥ്, സോമൻ ആലപ്പാട്ട്, കെ.പി. ഉദയകുമാർ, ഇ.എസ്. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ അതിർത്തിയായ മൂത്തകുന്നത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിച്ചു. പറവൂർ നമ്പൂതിരിയച്ചൻ ആൽത്തറയ്ക്ക് സമീപത്തു നിന്നും വാദ്യമേളങ്ങൾ, പൂക്കാവടി, താലം എന്നിവയോടെ ഘോഷയാത്രയായാണ് യാത്ര സമ്മേളന നഗരിയിലേക്കെത്തിയത്.