k-surendran
വിജയയാത്രക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നന്ദി പ്രകാശിപ്പിക്കുന്നു

ആലുവ: മുഖ്യമന്ത്രി പിണറായി വിജയനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സയാമീസ് ഇരട്ടകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അടിവേരുതേടിയാൽ കുടുങ്ങുന്നവരിൽ കുഞ്ഞാലിക്കുട്ടിയുമുണ്ടാകും. അതിനാലാണ് അന്വേഷണം ഇഴയുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വിജയയാത്രക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നടക്കുന്നത് ഇടതു വലതു മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയമാണ്. കഴിഞ്ഞ അഞ്ച് വർഷവും സംസ്ഥാനത്ത് യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിച്ചത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവുമാണ്. രണ്ട് മുന്നണികളെയും അറബിക്കടലിൽ കെട്ടിത്താഴ്ത്താനുള്ള വിവേകം ജനങ്ങൾക്കുണ്ട്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അത് ജനം തെളിയിക്കും. ബി.ജെ.പിയുടെ പിറന്നാൾ ദിനത്തിലാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ അന്ന് ബി.ജെ.പി പുതുചരിത്രമെഴുതും. കേരളം രക്ഷപ്പെടണമെന്നാഗ്രഹിക്കുന്നവർ ബി.ജെ.പിക്കൊപ്പം ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിഭവങ്ങൾ പങ്കുവയ്ക്കുന്നതും ആനുകൂല്യങ്ങൾ നൽകുന്നതും മതം നോക്കായാണ്. അതേസമയം കേന്ദ്രം ദുർബല ജനവിഭാഗങ്ങളെ സഹായിക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. വർഗീയ ശക്തികളുടെ കളിപ്പാവകളാണ് രണ്ട് മുന്നണികളും. അഴിമതിയിൽ കേരളം മുങ്ങിക്കുളിച്ചു. ഉമ്മൻചാണ്ടിയുടേതിനെക്കാൾ അധികം അഴിമതി എങ്ങനെ നടത്താനാകുമെന്ന് പരിശോധിക്കുകയാണ് പിണറായിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമ്മേളനം സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ, നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, ആർ.ബി. രാകേന്ദു, എ.കെ. നസീർ, എം.എ. ബ്രഹ്മരാജ്, എം.എൻ. ഗോപി, ലത ഗംഗാധരൻ, ആർ. സജികുമാർ, മനോജ് അങ്കമാലി, സി. സുമേഷ്, രമണൻ ചേലാകുന്ന്, അനിൽ അങ്കമാലി, ബിജു പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു. പറവൂർ കവലയിൽ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് യാത്രാ ക്യാപ്ടനെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്.

ശബരിമലയെ തകർക്കാൻ ശ്രമിച്ചതുപോലെ ആലുവ മഹാശിവരാത്രിയും തകർക്കാൻ ശ്രമം


എൽ.ഡി.എഫ് സർക്കാർ ശബരിമലയെ തകർക്കാൽ ശ്രമിച്ചതുപോലെ ആലുവ ശിവരാത്രി മണൽപ്പുറത്തെ ആചാരങ്ങളും തകർക്കാൻ ശ്രമിക്കുകയാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. ശിവരാത്രിയുടെ ഭാഗമായുള്ള പിതൃബലിയും മഹാദേവന്റെ മണ്ണിൽ അനധികൃത നിർമ്മിതികളും നടത്തി ശിവരാത്രിയേയും തകർക്കാൻ ശ്രമിക്കുകയാണ്.