
കൊച്ചി: ജില്ലയിലെ 14 സിറ്റിംഗ് എം.എൽ.എമാരിൽ ബഹുഭൂരിപക്ഷവും ഇക്കുറിയും മത്സരിക്കും. എൽ.ഡി.എഫിലെ ഒരാൾ ഒഴിവാകുമെന്നാണ് സൂചന.
യു.ഡി.എഫിന് ഒൻപതും എൽ.ഡി.എഫിന് അഞ്ചും സീറ്റുകളാണുള്ളത്. പൊതുവെ യു.ഡി.എഫ് അനുഭാവം പുലർത്തുന്ന ജില്ലയാണ് എറണാകുളം.
• കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ പറവൂരിൽ വീണ്ടും മത്സരിക്കും. 2001 മുതൽ സതീശന്റെ മണ്ഡലമാണിത്. യു.ഡി.എഫ് ഭരണം പിടിച്ചാൽ ധനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നേതാവ് കൂടിയാണ് സതീശൻ.
• ആലുവയിൽ മൂന്നാമങ്കത്തിന് കോൺഗ്രസിലെ അൻവർ സാദത്ത് തന്നെയിറങ്ങും. അൻവർ സാദത്ത് ഇക്കുറിയും ശുഭപ്രതീക്ഷയിലാണ്. പാർട്ടിക്കുള്ളിലെ സ്വീകാര്യതയും അൻവറിന് കരുത്താകും.
• അങ്കമാലിയിൽ യുവനേതാവ് റോജി എം. ജോൺ തന്നെ മത്സരിക്കും. മറ്റൊരു സ്ഥാനാർത്ഥി പാർട്ടിയുടെ പരിഗണനയിലില്ല. സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് താല്പര്യമുണ്ടെങ്കിലും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാകില്ല.
• പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കും. എൽ.ഡി.എഫിന്റെ സീറ്റ് കഴിഞ്ഞ തവണ പിടിച്ചെടുത്തതും യുവനേതാവെന്ന പരിഗണനയും എൽദോസിന് ലഭിക്കും.
• കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ തന്നെയാകും. സംവരണ സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കുന്നില്ല. മൂന്നാമങ്കത്തിനാണ് അദ്ദേഹം ഒരുങ്ങുന്നത്. ട്വന്റി 20 ഇവിടെ മത്സരിക്കുമെന്ന സൂചന സജീന്ദ്രനും യു.ഡി.എഫിനും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
• തൃക്കാക്കരയിൽ പി.ടി. തോമസ് വീണ്ടും രംഗത്തിറങ്ങും. റിട്ട. ജഡ്‌ജി കെമാൽപാഷ തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സീറ്റ് നൽകാനിടയില്ല. വിജയസാദ്ധ്യതയുള്ള സീറ്റിൽ പരീക്ഷണം വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
• കളമശേരിയിൽ മുസ്ളീം ലീഗിലെ വി.കെ. ഇബ്രാഹിം കുഞ്ഞാണ് സിറ്റിംഗ് എം.എൽ.എ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നതിൽ കോൺഗ്രസിൽ ഒരുവിഭാഗത്തിന് വിയോജിപ്പുണ്ട്. തീരുമാനം മുസ്ളീം ലീഗ് എടുക്കട്ടയെന്ന നിലപാടാണ് നേതാക്കൾക്ക്.
• എറണാകുളത്ത് ടി.ജെ. വിനോദ് വീണ്ടുമിറങ്ങും. ഉപതിരഞ്ഞെടുപ്പിലൂടെ എം.എൽ.എയായി ഒരുവർഷം പിന്നിട്ട അദ്ദേഹത്തിന് സാമുദായിക സമവാക്യം തുണയേകും.
•പിറവത്ത് കേരള കോൺഗ്രസ് (ജേക്കബ് ) നേതാവ് അനൂപ് ജേക്കബ് അല്ലാതെ വേറൊരു പേരില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പിറവം, കൂത്താട്ടുകുളം നഗരസഭകൾ എൽ.ഡി.എഫ് പിടിച്ചത് തെല്ലൊരു ആശങ്ക ഉയർത്തുന്നുണ്ടെന്നേയുള്ളൂ.
എസ്. ശർമ മത്സരിച്ചേക്കില്ല
• എൽ.ഡി.എഫിൽ വൈപ്പിനിലെ സിറ്റിംഗ് എം.എൽ.എ എസ്. ശർമ ഇക്കുറി ഇല്ലെന്നാണ് സൂചനകൾ. മുതിർന്ന സി.പി.എം നേതാവായ അദ്ദേഹത്തിന് പകരം പുതുമുഖത്തെ അവതരിപ്പിക്കാനാണ് നീക്കം.
• തൃപ്പൂണിത്തുറയിൽ കെ. ബാബുവിൽ നിന്ന് തിരിച്ചുപിടിച്ച മണ്ഡലം നിലനിറുത്താൻ എം. സ്വരാജ് തന്നെയാണ് അനുയോജ്യനെന്ന് സി.പി.എം നേതൃത്വം വിലയിരുത്തുന്നു.
• കൊച്ചിയിൽ കെ.ജെ. മാക്സി ഇക്കുറിയുമുണ്ടാകും. കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലത്തിൽ മാക്സിയുടെ രണ്ടാമങ്കമാണിത്. തീരദേശ മണ്ഡലത്തിലെ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും വികസനപദ്ധതികളും തുണയാകും.
• കോതമംഗലത്ത് സി.പി.എമ്മിലെ ആന്റണി ജോൺ രണ്ടാം മത്സരത്തിനിറങ്ങും. യു.ഡി.എഫിൽ നിന്ന് കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലത്തിൽ മറ്റൊരാളെ എൽ.ഡി.എഫ് പരീക്ഷിക്കില്ല.
• മൂവാറ്റുപുഴയിൽ സി.പി.ഐയിലെ എൽദോ എബ്രഹാം വീണ്ടും മത്സരിക്കുമെന്നാണ് സൂചന. കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ച മണ്ഡലത്തിൽ സി.പി.ഐ മാറ്റാരെയും പരിഗണിക്കുന്നില്ല.