കൊച്ചി: ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഭരണഭയത്തോടെ ജയിൽവാസം അനുഭവിക്കേണ്ടിവരുന്ന യുവാവിന്റെ ജീവിതവും പ്രതികാരവും പറയുന്ന ഇംഗ്ളീഷ് നോവലായ 'ഫിയർ ഒഫ് ഡെത്ത് ' ഇന്ന് പ്രകാശനം ചെയ്യും. ഷാജി രവീന്ദ്രൻ രചിച്ച നോവൽ ഇന്നു രാവിലെ 10.30 ന് എറണാകുളം പ്രസ് ക്ളബിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്യും. പ്രൊഫ.എം.കെ. സാനു നോവൽ ഏറ്റുവാങ്ങും.
കഷ്ടതയുടെ ബാല്യകൗമാരങ്ങൾ പിന്നിട്ട് പഠിച്ച കലേശൻ എന്ന യുവാവ് തൊഴിൽ ഉടമയ്ക്കുവേണ്ടി കൊലക്കേസിൽ സ്വയം പ്രതിയും ഇരയുമായി 28 വർഷം ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെടുമ്പോൾ അനുഭവിക്കുന്ന സംഘർഷങ്ങളാണ് ഇതിവൃത്തം. ഇരുട്ടറയിൽ മരണം മാത്രം മോചനമെന്ന് കരുതുന്ന കലേശനെയാണ് ഷാജി രവീന്ദ്രൻ ചിത്രീകരിക്കുന്നത്.
കലേശൻ എളിമയും സത്യസന്ധവുമായ തൊഴിൽജീവിതം നയിച്ചിട്ടും തൊഴിലുടമ ചതിച്ചു ജയിലിൽ എത്തിക്കുന്നു. കൊലപാതകിയായി ചിത്രീകരിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ട് ജയിലിൽ കഴിയുന്ന കലേശന് ലോകത്തെക്കുറിച്ചുള്ള ധാരണകൾ മാറിമറിയൂന്നു. ജയിൽവാസം കഴിഞ്ഞിറങ്ങുന്ന കലേശൻ തന്നെ ചതിച്ചവനെ യാതൊരു തെളിവുകളും ബാക്കിവയ്ക്കാതെ കീഴ്‌പ്പെടുത്തി പ്രതികാരം ചെയ്യുന്നു.
മരണഭീതിയിൽ നിന്ന് ജീവിതത്തിലേയ്ക്കു വരുന്ന വ്യക്തിയെയാണ് തന്റെ ആദ്യ നോവലിൽ ഷാജി ആവിഷ്കരിച്ചത്. യഥാർത്ഥസംഭവത്തിന്റെ പശ്ചാലത്തിലാണ് നോവൽ രചിച്ചതെന്ന് ഷാജി പറയുന്നു. 511 പേജുള്ള പുസ്തകത്തിന് 450 രൂപയാണ് വില. ബുക്ക് പോർട്ടലുകളിൽ നോവൽ ലഭ്യമാണ്.
പത്തനംതിട്ട സ്വദേശിയായ ഷാജി ഗൾഫിലും ആഫ്രിക്കയിലും എണ്ണ വ്യവസായ മേഖലയിൽ 40 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസജീവിതം നൽകിയ അനുഭവങ്ങളാണ് എഴുത്തിലേയ്ക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.