1
ചാക്ക് കുടിവെള്ള പൈപ്പിനുളളിൽ കുരുങ്ങിയ നിലയിൽ

തൃക്കാക്കര : ഒരാഴ്ചയിൽ അധികമായി എൻ.ജി.ഒ ക്വാർട്ടേഴ്സ് മൈത്രിപുരം നിവാസികളുടെ വെള്ളംകുടി മുട്ടിച്ച വില്ലനെ ഒടുവിൽ ഇന്നലെ വാട്ടർ അതോറിട്ടി അധികൃതർ കണ്ടെത്തി. രണ്ടര ഇഞ്ച് വ്യാസമുളള പൈപ്പ് ലൈനിൽ പ്ലാസ്റ്റിക്ക് സിമന്റ് ചാക്ക് കുടുങ്ങിയതാണ് നാട്ടുകാരുടെ വെള്ളം കുടി മുട്ടാൻ കാരണം. മൈത്രിപുരം ക്രോസ് റോഡ്, തൈക്കൂടം റോഡ് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് വാട്ടർ അതോറിട്ടിയുടെ വെള്ളം കിട്ടാതായിട്ട് ഒരാഴ്ചയായിരുന്നു. വാട്ടർ അതോറിട്ടി അധികൃതരും, കോൺട്രാക്ടറും പരിസരത്തുള്ളവരും കിണഞ്ഞു പരിശ്രമിച്ചിട്ടും കാരണം കണ്ടു പിടിക്കാനായിരുന്നില്ല.ഒടുവിൽ അധികൃതർ ജെസിബി കൊണ്ടുവന്ന് രണ്ടു ദിവസമായി സംശയമുളള സ്ഥലങ്ങളിൽ കുഴിച്ച് പൈപ്പ് കട്ട് ചെയ്തു നോക്കുകയായിരുന്നു. ഒടുവിൽ ഇന്നലെ ഗവൺമെന്റ് ജീവനക്കാർ താമസിക്കുന്ന ഹോസ്റ്റലിന് പിന്നിലെ റോഡ് രണ്ട് മീറ്റർ താഴ്ച്ചയിൻ കുഴിച്ചപ്പോഴാണ് 'വില്ലനെ" കണ്ടെത്തിയത്. രണ്ട് ഇഞ്ച് പൈപ്പിനുളിൽ ചുരുണ്ട് വീർത്തിരിക്കുന്ന നിലയിൽ ആയിരുന്നു സിമന്റ് ചാക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. എ.ഇ നീതു മോഹൻ, അസിസ്റ്റന്റ് അനിൽ.കെ.അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.