kaduvelipadam
മാറാടി കടുവേലിപ്പാടം പാടശേഖരത്തിലെ തോടുകളുടെ നവീകരണം പൂര്‍ത്തിയായപ്പോള്‍...............

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കടുവേലിപ്പാടം പാടശേഖരം കതിരണിയാനൊരുങ്ങുന്നു. ഫ്‌ളഡ് കൺട്രോൾ ആൻഡ് ഡ്രെയ്‌നേജ് മനേജ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 1.06കോടി രൂപ മുടക്കിയാണ് കടുവേലിപ്പാടം പാടശേഖരം നെൽകൃഷിക്കായി ഒരുക്കുന്നത്. പാടശേഖരത്തിൽ നെൽകൃഷി പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫ്‌ളഡ് കൺട്രോൾ ആൻഡ് ഡ്രെയ്‌നേജ് മാനേജ്‌മെന്റ് പദ്ധതിയിൽ ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ പാടശേഖരം കൃഷിക്കായി ഒരുക്കുകയായിരുന്നു. പാടശേഖരത്തിലെ തോടുകളെല്ലാം ആഴവും വീതിയും കൂട്ടുകയും സംരക്ഷണ ഭിത്തികൾ നിർമിക്കുകയും ചെയ്തു. വേനൽ കാലത്ത് വെള്ളം ശേഖരിക്കുന്നതിന് ചെക്ക് ഡാമുകളും നിർമിച്ചു. ഇതോടൊപ്പം വാഹനങ്ങൾ പടത്തേയ്ക്ക് സുഗമമായി കൊണ്ട് വരുന്നതിന് റാമ്പുകളും റോഡുകളും പദ്ധതിയുടെ ഭാഗമായി നിർമിച്ചു. കടുവേലിപ്പാടം പാടശേഖരത്തിന്റെ നവീകരണം പൂർത്തിയായതോടെ മാറാടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ പാടശേഖരത്തിലെ നഷ്ടപ്പെട്ടുപോയ കൃഷിയുടെ തനിമയും പ്രതാപവും തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് പാടശേഖര സമതി അംഗങ്ങളും നാട്ടുകാരും.

ആദ്യ ഘട്ട നവീകരണം പൂർത്തിയായി

100ഏക്കറോളം വരുന്ന കടുവേലിപ്പാടം പാടശേഖരം വർഷങ്ങളായി തരിശായി കിടക്കുകയായിരുന്നു. തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കടുവേലിപ്പാടം പാടശേഖരവും കൃഷിയോഗ്യമാക്കുന്നത്. വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്തിൽ വെള്ളകെട്ടും കൃഷിക്കാവശ്യമായ ജലസേജന സൗകര്യവുമൊരുക്കുന്നതിന് നികന്ന തോടുകളെല്ലാം തന്നെ നവീകരിക്കുകയായിരുന്ന ആദ്യ ഘട്ടപ്രവർത്തനം.