
കൊച്ചി: ഹയർസെക്കൻഡറി മോഡൽ പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചോദ്യപേപ്പർ വിതരണരീതിയിലും സമയക്രമത്തിലും പരിഷ്‌കാരം വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾ. ഇന്നാരംഭിക്കുന്ന പരീക്ഷകൾക്കുള്ള നിർദ്ദേശങ്ങൾ ഇന്നലെ വൈകിട്ടോടെയാണ് അദ്ധ്യാപകർക്ക് ലഭിച്ചത്.
1,18,000 വിദ്യാർത്ഥികളാണ് മോഡൽ പരീക്ഷ എഴുതുന്നത്. ചോദ്യപേപ്പർ വിതരണത്തിനായി 2074 സെന്ററുകളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.
ചീഫ് അദ്ധ്യാപകർക്ക് ഡബിൾ ഡ്യൂട്ടി
പരീക്ഷ തുടങ്ങുന്ന ദിവസം ചോദ്യപേപ്പർ സ്‌കൂളുകളിൽ എത്തിക്കുകയായിരുന്നു പതിവ്. ഇക്കുറി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർ ഓരോ പരീക്ഷാ ദിനങ്ങളിലും രാവിലെ 5.15 മുതൽ നിർദിഷ്ട കേന്ദ്രങ്ങളിൽ പോയി ചോദ്യപേപ്പർ കൈപ്പറ്റി ചുമതലയുള്ള സ്കൂളുകളിൽ എത്തിച്ചുകൊടുക്കണം. തുടർന്ന് സ്വന്തം സ്‌കൂളിൽ തിരിച്ചെത്തി പരീക്ഷാ ഡ്യൂട്ടിയിൽ പ്രവേശിക്കണം.
രാവിലെ 6.30 മുതൽ 8.30 വരെയാണ് ചോദ്യപ്പേപ്പറുകൾ കൈപ്പറ്റേണ്ട സമയം. ഇടുക്കി പോലുള്ള സ്ഥലങ്ങളിലെ സ്കൂളുകളിൽ5.15 ന് എത്തണം. 9.30 മുതൽ പരീക്ഷ ആരംഭിക്കും. അതിനാൽ തിരിച്ച് സ്കൂളിലെത്തുക വെല്ലുവിളിയാണ്.
ഒരു ദിവസം രണ്ടു പരീക്ഷ
പൊതുപരീക്ഷയിൽ നിന്ന് വ്യത്യസ്തമായി ഒരുദിവസം രണ്ടു പരീക്ഷകൾ എഴുതണം. കൊവിഡിനെ തുടർന്ന് സ്കൂൾ സമയവും വിദ്യാർത്ഥികളുടെ എണ്ണവും ക്രമീകരിച്ചാണ് കഴിഞ്ഞ ദിവസം വരെ അദ്ധ്യയനം മുന്നോട്ടുപോയത്. പരീക്ഷയ്ക്ക് മുഴുവൻ കുട്ടികളും ഹാജരാവണം. ഉച്ചഭക്ഷണം കഴിക്കുന്നതുൾപ്പെടെ സ്കൂളിലായതിനാൽ കൂട്ടം കൂടുന്നത് നിയന്ത്രിക്കാൻ സാധിക്കാതെ വരും. പരീക്ഷയ്ക്ക് വേണ്ടി ഫോക്കസ് ഏരിയ നിശ്ചയിച്ച് നൽകിയശേഷം പാഠഭാഗങ്ങൾക്ക് പുറത്തുനിന്നുള്ള ഭാഗങ്ങളും ചേർത്ത് ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങളാണ് മോഡൽ പരീക്ഷയ്ക്കുണ്ടാവുകയെന്നത് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പരിഷ്കാരങ്ങൾ അപ്രായോഗികം
ഹയർസെക്കൻഡറി മേഖലയിലെ അദ്ധ്യാപക സംഘടനകളുമായി ആലോചിക്കാതെ ബാഹ്യസമ്മർദ്ദപ്രകാരം ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യപ്പേപ്പർ വിതരണരീതിയിൽ വരുത്തിയ പരിഷ്‌കാരം അപ്രായോഗികവും അപകടകരവുമാണ്. പരീക്ഷയ്ക്ക് മുമ്പ് ഉത്തരവിലെ അവ്യക്ത നീക്കണം. അപ്രായോഗികമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹയർ സെക്കൻഡറി മേഖലയെ നശിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു.
എസ്. മനോജ്
ജനറൽ സെക്രട്ടറി
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ