കൊച്ചി: പാതിയിൽ നിലച്ച കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുതുജീവൻ. നിലച്ച നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഇൻകെൽ വീണ്ടും ടെൻഡർ നടപടികൾ ആരംഭിച്ചു. കരാർ ലംഘനത്തെ തുടർന്ന് നിർമാണ ചുമതലയുണ്ടായിരുന്ന ചെന്നൈയിലെ പി.ആൻഡ്.സി കമ്പനിയുടെ കരാർ കിഫ്ബി റദ്ദ് ചെയ്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചതോടെയാണ് നീക്കം. 24 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ടെൻഡർ നിർദ്ദേശം.
ബാക്കി നിൽക്കുന്ന സിവിൽ ജോലികളും പബ്ലിക്ക് ഹെൽത്ത് എൻജിനിയറിംഗ് സിസ്റ്റം, വൈദ്യുതീകരണ ജോലികൾ, അഗ്നിശമനസംവിധാനങ്ങൾ തുടങ്ങിയവ മെക്കാനിക്ക്, ഇലക്ട്രിക്കൽ, പബ്ലിംഗ് (എം.ഇ.പി) ജോലികൾക്കായാണ് ടെൻഡർ വിളിച്ചത്. ഇത്തവണ എല്ലാം ഉൾപ്പെടുത്തി ഒറ്റ ടെൻഡറായാണ് വിളിച്ചിരിക്കുന്നത്. ഇതോടെ പ്രവർത്തനങ്ങൾ പെട്ടെന്ന് പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് കരാർ വൈകുന്നത് സംബന്ധിച്ച് കേരളകൗമുദി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

മാർച്ച് 15 വരെ ടെൻഡറുകൾ സമർപ്പിക്കാം. 17 ന് ടെൻഡറുകൾ തുറക്കും. ആശുപത്രി നിർമാണത്തിൽ വൈദഗ്ദ്ധ്യമുള്ള ആർട്ടിടെക്ടിനെയും തീരുമാനിച്ചിട്ടുണ്ട്. 152.5 കോടി രൂപയുടെ നിർമാണ ജോലികളാണ് ടെൻഡറിൽ ഉൾപ്പെടുത്തിയത്. നിലവിൽ 40 ശതമാനം ജോലികളാണ് പൂർത്തിയായത്.

ടെൻഡർ

സമർപ്പിക്കാം: മാർച്ച് 15 വരെ

തുറക്കും: മാർച്ച് 17 ന്

തുക: 152.5 കോടി രൂപ

 കെൽപില്ലാത്ത ഇൻകെൽ
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കാൻസർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനം 2018 ലാണ് ഇൻകെൽ പി.ആൻഡ്.സി കമ്പനിയ്ക്ക് കരാർ നൽകിയത്. കെട്ടിടനിർമാണം ഗുണനിലവാരമില്ലാത്തതും നേരിട്ട കാലതാമസവും മൂലം കമ്പനിയെ പുറത്താക്കാൻ കിഫ്ബി ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ജനുവരി 31 ന് നിർമ്മാണം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി. കിഫ്ബി നടപടിയ്‌ക്കെതിരെ പി.ആൻഡ് സി കമ്പനി സമീപിച്ചിരുന്നെങ്കിലും കിഫ്ബി നടപടി കോടതി ശരിവച്ചു. 87.14 കോടി രൂപയ്ക്കാണ് കമ്പനി കരാർ എടുത്തത്. കരാർ പ്രകാരം ജൂലായി കെട്ടിടനിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു. സമയം പലതവണ നീട്ടി നൽകിയിട്ടും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായില്ല.