
കൊച്ചി: നാല് ഭാഷകളിൽ സംസാരിച്ച് ജനത്തെ കൈയിലെടുത്ത് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. പരിഭാഷക്കെത്തിയ അഡ്വ.ഒ.എം. ശാലീനയ്ക്ക് ജോലി എളുപ്പവുമായി.
ഇന്നലെ തൃപ്പൂണിത്തുറയിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും അല്പം മലയാളത്തിലുമായി പ്രസംഗം തുടർന്നപ്പോൾ ബി.ജെ.പി പ്രവർത്തകർ ആവേശത്തിലുമായി. ക്രമസമാധാനത്തെക്കുറിച്ച് പറയുമ്പോൾ ഇംഗ്ലീഷിൽ തുടങ്ങി തമിഴിലും പിന്നീട് മലയാളത്തിലുമായി പ്രസംഗം. മതമൗലികവാദികളുടെ മുദ്രാവാക്യമായ 21 ൽ ഊരിയ വാൾ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്നത് തെറ്റാതെ മലയാളത്തിൽ പറഞ്ഞു. സുരേന്ദ്രന്റെ വിജയയാത്രയുടെ മുദ്രാവാക്യങ്ങളെക്കുറിച്ചും മലയാളത്തിൽ പ്രസംഗിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗിച്ച നിർമ്മല കേരളത്തിന് ബഡ്‌ജറ്റിൽ നൽകിയ ഫണ്ട് വിഹിതം ചൂണ്ടിക്കാട്ടിയപ്പോൾ തമിഴിലും മലയാളത്തിലുമായി. ഒടുവിൽ പ്രസംഗം കഴിഞ്ഞപ്പോൾ പരിഭാഷകയായിരുന്ന അഡ്വ.ഒ.എം.ശാലീന തന്നെ പ്രസംഗത്തിന് പരിഭാഷയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഹർഷാരവത്തോടെ വേണ്ടെന്നായിരുന്നു ജനങ്ങളുടെ മറുപടി.