കൊച്ചി: ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് ആംബുലൻസ് കാത്ത് ചോരയിൽ കുളിച്ച് കിടന്നത് അരമണിക്കൂർ. എറണാകുളം പുല്ലേപ്പടി റെയിൽവെ മേൽപ്പാലത്തിന് സമീപം ഇന്നലെ രാത്രി 8.10ഓടെയാണ് സംഭവം. സമീപവാസികളാണ് അജ്ഞാതനായ യുവാവ് കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ എറണാകുളം നോർത്ത് പൊലീസിൽ വിവരം അറിയിച്ചു. സ്കൂട്ടറിൽ എത്തിയ പൊലീസുകാർ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിനായി നിരവധി തവണ വിളിച്ചു. എന്നാൽ കൊവിഡ് ഡ്യൂട്ടിയിലാണ് ആംബുലൻസുകൾ എന്ന മറുപടിയാണ് ലഭിച്ചത്. തടിച്ചുകൂടിയവർ പലരെയും ബന്ധപ്പെട്ട് ആംബുലൻസിനായി ശ്രമിച്ചു. ഇതിനിടെ പാലത്തിന് അപ്പുറം കടവന്ത്ര പൊലീസിന്റെ ജീപ്പ് എത്തി. അതിൽ പരിക്കേറ്റയാളെ കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.തുടർന്ന് ലിസി ആശുപത്രിയിൽ നിന്ന് പാലത്തിന് അപ്പുറം ആംബുലൻസ് എത്തി. ഉടനെ അതിൽ കയറ്റി പരിക്കേറ്റയാളെ കൊണ്ടുപോയി. പിന്നാലെ പാലത്തിന് ഇപ്പുറം ഹൈവേ പൊലീസിന്റെ ആംബുലൻസും വന്നു. ഇതിനിടെ മുഖത്തും ദേഹത്തും പരിക്കേറ്റ യുവാവ് വേദനസഹിച്ച് കിടക്കുകയായിരുന്നു.