
തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷൻ വാഹനം അടിച്ചുതകർത്ത കേസിലെ രണ്ടാം പ്രതിയെ പിടികൂടി. പെരുകാവ് മഠത്തുവിളാകം പുതുവീട്ടുമേലെ അഭിജിത് ഭവനിൽ കഞ്ഞി എന്ന അനിരുദ്ധിനെയാണ് (21) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ഡിസംബർ 24ന് മോഷണക്കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം സഞ്ചരിച്ച വാഹനം ഒന്നാംപ്രതി അജിത്തിന്റെ നേതൃത്വത്തിലുളള 13 അംഗസംഘം വണ്ടിത്തടം ശാന്തിപുരത്ത് വച്ച് തടഞ്ഞുനിറുത്തി വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ 11 പേരെ നേരത്തെ പിടികൂടിയിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാം പ്രതിയായ ഇയാളെ പിടികൂടിയത്. തിരുവല്ലം എസ്.എച്ച്.ഒ സജികുമാർ, സി.പി.ഒമാരായ അഖിലേഷ്, രാജീവ്, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.